
താനെ: ഫീസടക്കാത്തത് കാരണം 14 വയസുകാരനായ വിദ്യാർത്ഥിയെ ക്ലാസ് റൂമിന്റെ നിലനിരുത്തി പരീക്ഷയെഴുതിച്ച സ്കൂളിലെ അധ്യാപകനും പ്രധാനാധ്യാപകനുമെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിലെ ഭീവണ്ടിയിലെ ഒരു ഉറുദു മീഡിയം സ്കൂളിലാണ് സംഭവം.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഒക്ടോബർ 3, 4 തീയതികളിൽ നടത്തിയ യൂണിറ്റ് ടെസ്റ്റിലാണ് 10-ാം ക്ലാസുകാരനായ കുട്ടിയെ നിലത്തിരുത്തിയത്. സംഭവത്തിൽ സൂപ്പർവൈസിംഗ് അധ്യാപകനായ അഹമ്മദുള്ളയും ഹെഡ്മിസ്ട്രസ് ഖാൻ അതിഹയും ആണ് പ്രതികൾ. കുട്ടിയുടെ ഓട്ടോ ഡ്രൈവറായ അച്ഛൻ ആണ് പരാതി നൽകിയത്.
ഒക്ടോബർ 3, 4 തീയതികളിൽ നടന്ന സംഭവത്തിന് ശേഷം, പല തവണ സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും, പൊലീസ് പരാതി നൽകുന്നതുവരെ തിരുത്തൽ നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരനായ കുട്ടിയുടെ അച്ഛൻ പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകൾ പ്രകാരം രണ്ട് അധ്യാപകർക്കെതിരെയും ശാന്തിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്കൂൾ ജീവനക്കാരുടെയും സാക്ഷികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.