ചിക്കൻ വേണമെന്ന് ഏഴ് വയസുകാരൻ, വാശിപിടിച്ച കുട്ടിയെ അമ്മ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചുകൊന്നു; 10 വയസുള്ള മകൾ ചികിത്സയിൽ

Spread the love

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെട്ടതിന്റെ പേരിൽ ഏഴ് വയസ്സുകാരനെ അമ്മ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചുകൊന്നു. കുട്ടിയുടെ സഹോദരിക്കും മർദനത്തിൽ പരിക്കേറ്റു. ഞായറാഴ്ചയാണ് സംഭവം.

ചിക്കൻ വേണമെന്ന് മകൻ ആവശ്യപ്പെട്ടതിൽ പ്രകോപിതയായ അമ്മ പല്ലവി ധുംഡെ (40), മകൻ ചിന്മയ് ധുംഡെയെ (7) മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേ ചപ്പാത്തിക്കോൽ ഉപയോഗിച്ച് ഇവർ 10 വയസ്സുള്ള മകളെയും ആക്രമിച്ചു. പരിക്കേറ്റ മകൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

കരച്ചിൽ കേട്ട് അയൽവാസികൾ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സബ് ഡിവിഷണൽ ഓഫീസറും ഉടൻ സ്ഥലത്തെത്തി. പൊലീസ് കേസെടുത്ത് പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. ‘കാശിപാഡ പ്രദേശത്തെ ഒരു ഫ്ലാറ്റിലാണ് 40 വയസ്സുള്ള പല്ലവി ധുംഡെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. പാൽഘർ പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് ദേശ്മുഖ് അറിയിച്ചു.