
മുംബൈ:വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടനമത്സരത്തിൽ അവസാന ഓവർ തുടങ്ങുംവരെ വിജയം ഉറപ്പിച്ച മുംബൈ ഇന്ത്യൻസിനെ ഞെട്ടിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിജയം റാഞ്ചി. അവസാന ഓവറിൽ ബെംഗളൂരുവിന് ജയിക്കാൻ വേണ്ടത് 18 റൺസ്. നാറ്റ് സിവർ ബ്രെന്റ് എറിഞ്ഞ ഓവറിലെ ആദ്യ രണ്ടുപന്തിലും റണ്ണില്ല.
മൂന്നാംപന്തിൽ സിക്സും നാലാം പന്തിൽ ഫോറും അഞ്ചാം പന്തിൽ സിക്സും നേടിയ നദീൻ ഡി ക്ലർക്ക് ആറാം പന്തിലും ഫോറടിച്ച് ബെംഗളൂരുവിന് അവിശ്വസനീയ ജയം നൽകി. ജയം മൂന്നുവിക്കറ്റിന്. 26 റൺസിന് നാലു വിക്കറ്റും നേടിയ നദീൻ കളിയിലെ താരമായി. സ്കോർ: മുംബൈ 20 ഓവറിൽ 154/6. ബെംഗളൂരു: 20 ഓവറിൽ 157/7.
44 പന്തിൽ 63 റൺസുമായി നദീൻ പുറത്താകാതെനിന്നു. ഇതിൽ ഏഴു ഫോറും രണ്ടു സിക്സുമുണ്ട്. ഓപ്പണർമാരായ ഗ്രേസ് ഹാരിസും(12 പന്തിൽ 25) സ്മൃതി മന്ഥാനയും (13 പന്തിൽ 18) ചേർന്ന് മൂന്ന് ഓവറിൽ 40 റൺസ് ചേർത്തശേഷം ബെംഗളൂരു പ്രതിസന്ധിയിലായിരുന്നു. അടുത്തടുത്ത ഓവറിൽ ഇരുവരും പുറത്തായശേഷം ദയാലൻ ഹേമലത (7), രാധാ യാദവ് (1), റിച്ചാ ഘോഷ് (6) എന്നിവർ ആറു പന്തുകൾക്കിടെ പുറത്തായതോടെ അഞ്ചിന് 65 എന്നനിലയിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണർ ഗുണലൻ കമാലിനി മികച്ച തുടക്കമാണ് നൽകിയത്. വനിതാ പ്രീമിയർ ലീഗിലെ താരത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. 27 പന്തുകളിൽ നിന്ന് 32 റൺസ് കമാലിനി നേടി.
എന്നാൽ അമേലിയ കെറിന് തിളങ്ങാനായില്ല. 15 പന്തിൽ നാല് റൺസെടുത്ത അമേലിയയെ ലോറൻ ബെല്ലാണ് പുറത്താക്കിയത്. തുടർന്ന് നാല് റൺസ് മാത്രമെടുത്ത് നാറ്റ് സിവിയറും മടങ്ങി. നദീന്റെ പന്തിൽ റിച്ച ഘോഷിന്റെ സ്റ്റംപിങിലാണ് താരം പുറത്തായത്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ചേർന്ന് കമാലിനി മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ചേർന്ന് 22 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ ശ്രേയങ്ക പാട്ടീൽ കമാലിനിയെ ക്ലീൻ ബൗൾഡാക്കിയതോടെ ആ കൂട്ടുകെട്ട് തകർന്നു. പിന്നീട് നദീന്റെ പന്തിൽ കീപ്പർ ക്യാച്ചിൽ ഹർമൻപ്രീതും പുറത്തായി. 17 പന്തുകളിൽ നിന്ന് 20 റൺസാണ് മുംബൈ ക്യാപ്റ്റൻ നേടിയത്. ഇതോടെ മുംബൈയുടെ മുൻനിര തകർന്ന നിലയിലായി.




