
രോഹിത് വീണ്ടും ട്രാക്കിൽ; നായകന്റെ ചിറകിൽ ഉയർന്നു പറന്ന മുംബൈ; പഞ്ചാബിന്റെ ചിറകരിഞ്ഞ് ബുംറയും ബൗളർമാരും; ചാമ്പ്യൻമാർ ചാരത്തിൽ നിന്നും പറന്നുയരുന്നു
തേർഡ് ഐ സ്‌പോട്‌സ്
അബുദബി: ഒരു പരാജയത്തിൽ നിന്നും പറന്നുയർന്ന മുംബൈ ഇന്ത്യൻ, ഐപിഎല്ലിന്റെ ആകാശത്തേയ്ക്ക് ഉയരുന്നു. രോഹിത് ശർമ്മ വീണ്ടും ട്രാക്കിലായ കളിയിൽ, ഇന്ത്യയുടെ ഏറ്റവും മികച്ച ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റ് ബുംറയും ട്രാക്കിലായി.
കിങ്സ് ഇലവൻ പഞ്ചാബിനെ 48 റൺസിന് കീഴടക്കി മുംബൈ ഇന്ത്യൻസ് രണ്ടാം വിജയം ആഘോഷിച്ചു. ബാംഗ്ലൂരിനോട് സൂപ്പർ ഓവറിൽ തോറ്റ മുംബൈക്ക് ഇത് തിരിച്ചുവരവായപ്പോൾ തുടക്കം നന്നായെങ്കിലും ദുർബലമായ മധ്യനിര തകർന്നടിഞ്ഞതാണ് പഞ്ചാബിന് വിനയായത്. ജയിക്കാൻ 192 റൺസ് വേണ്ടിയിരുന്ന പഞ്ചാബിന് വേണ്ടി ഓപ്പണർമാരായ ക്യാപ്റ്റൻ കെ.എൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 4.4 ഓവറിൽ 38 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

18 പന്തിൽ നിന്ന് 25 റൺസെടുത്ത മായങ്കിനെ പുറത്താക്കി ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ മൂന്നു പന്ത് മാത്രം നേരിട്ട കരുൺ നായർ ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ പുറത്തായി. 19 പന്തിൽ 17 റൺസെടുത്ത രാഹുൽ രാഹുൽ ചാഹറിന്റെ പന്തിൽ മോശം ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു. നിക്കോളാസ് പൂരാൻ 27 പന്തിൽ 44 റൺസെടുത്തെങ്കിലും മറുവശത്ത് പിന്തുണ കിട്ടാതെ പോയി. മുംബൈക്ക് വേണ്ടി ജെയിംസ് പാറ്റിസണും, രാഹുൽ ചെഹാറും, ജസ്പ്രീത് ബുംമ്രയും വിക്കറ്റുകൾ വീഴ്ത്തി. ട്രെന്റ് ബോൾട്ടിനും ക്രുനാലിനും ഓരോ വിക്കറ്റുണ്ട്. മുംബൈക്ക് നിലവിൽ നാല് മത്സരങ്ങളിൽ നിിന്ന് രണ്ട് ജയവും രണ്ടുതോൽവിയും.
ഐപിഎൽ ചരിത്രത്തിൽ സുരേഷ് റെയ്നയ്ക്കും വിരാട്കോലിക്കും ശേഷം 5000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ കളിക്കാരനെന്ന നേട്ടവും രോഹിത് ശർമ സ്വന്തമാക്കി. 70 റൺസാണ് രോഹിത്തിന്റെ ഇന്നത്തെ സമ്ബാദ്യം. എന്നാൽ, രോഹിത്തിന് പങ്കാളികളെ തുരുതുരാ നഷ്ടമായി. കിങ്സ് ഇലവൻ പഞ്ചാബ് ക്യത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തുകയും മുംബൈയെ താളം വീണ്ടെടുക്കാതെ തടയുകയും ചെയ്തു. 15 ാമത്തെ ഓവറിൽ 100 റൺസ് തികച്ചതോടെ കളി മാറി. കീറോൺ പൊള്ളാർഡും(47) ഹാർദിക് പാണ്ഡ്യയും(30) അടിച്ചുകളിച്ചതോടെ പഞ്ചാബിന്റെ ലക്ഷ്യം 192 ആയി കുറിച്ചു.
20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഇന്ത്യൻസ് 191 സ്‌കോർ ബോർഡിൽ നിറച്ചത്. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് മുംബൈക്കായി തിളങ്ങിയത്. 45 പന്തുകൾ നേരിട്ട രോഹിത് മൂന്നു സിക്‌സും എട്ട് ഫോറുമടക്കം 70 റൺസെടുത്തു. നായകന്റെ പ്രകടനത്തിന് ശേഷം അവസാന മൂന്നുഓവറിൽ പൊള്ളാർഡും പാണ്ഡ്യയും 62 റൺ്സ് കൂട്ടിച്ചേർത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട മുംബൈയെ പഞ്ചാബ് ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
കഴിഞ്ഞ മത്സരങ്ങളിൽ ഇരുടീമുകളും പരാജയപ്പെട്ടിരുന്നു. ബാംഗ്ലൂരിനോട് സൂപ്പർ ഓവറിലായിരുന്നു മുംബൈയുടെ തോൽവി. എന്നാൽ സ്‌കോർ 200 കടന്നിട്ടും രാജസ്ഥാനോട് പഞ്ചാബ് പരാജയപ്പെട്ടിരുന്നു.