play-sharp-fill
കോൺഗ്രസ് നേതാക്കൾ തമ്മിൽ പരസ്യ വാക്കേറ്റം; മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്രയുടെ വേദിയിൽ ഫണ്ട് പിരിവിനെ ചൊല്ലി

കോൺഗ്രസ് നേതാക്കൾ തമ്മിൽ പരസ്യ വാക്കേറ്റം; മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്രയുടെ വേദിയിൽ ഫണ്ട് പിരിവിനെ ചൊല്ലി

സ്വന്തം ലേഖകൻ

കണ്ണൂർ : കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ജനമഹായാത്രയുടെ സ്വീകരണ വേദിയിൽ ഫണ്ട് പിരിവിനെ ചൊല്ലി കോൺഗ്രസ് നേതാക്കൾ തമ്മിൽ പരസ്യ വാക്കേറ്റം. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നൽകിയ സ്വീകരണത്തിനിടെയാണ് വാക്കേറ്റമുണ്ടായത്. മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ട്രഷറർ ജോൺസൺ എബ്രഹാം, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരുടെ സാന്നിധ്യത്തിൽ സണ്ണി ജോസഫ് എംഎൽഎ, എഐസിസി വിദേശകാര്യവിഭാഗം സെക്രട്ടറി അഡ്വ. സജീവ് ജോസഫ് എന്നിവർ തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു.

കെപിസിസിയുടെ വിലക്ക് ലംഘിച്ച് മൂന്ന് മണ്ഡലം കമ്മിറ്റികൾക്ക് ഫണ്ട് പിരിക്കാൻ ഡിസിസി അനുമതി നൽകിയതിനെ തുടർന്നാണ് നേതാക്കൾ പൊതുവേദിയിൽ കലഹിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ പേരാവൂർ, കണിച്ചാർ, തുണ്ടിയിൽ എന്നീ മൂന്ന് മണ്ഡലം കമ്മിറ്റികളെ ജനമഹായാത്രയുടെ ഫണ്ട് പിരിവിൽ നിന്ന് കെപിസിസി അധ്യക്ഷൻ നേരിട്ട് വിലക്കിയിരുന്നു. കമ്മിറ്റിക്കെതിരെ വിവിധ തലങ്ങളിൽ നിന്ന് ആരോപണങ്ങൾ ഉയർന്നതിനേത്തുടർന്നായിരുന്നു വിലക്ക്. എന്നാൽ കെപിസിസി അദ്ധ്യക്ഷന്റെ വിലക്ക് മറികടന്ന് ഡിസിസി ഈ മൂന്ന് മണ്ഡലം കമ്മിറ്റികൾക്കും ഫണ്ട് പിരിക്കാനുള്ള രസീതുകൾ കൈമാറി. പിരിച്ച തുകയുടെ ഒരു വിഹിതം കെപിസിസി അദ്ധ്യക്ഷന് ജനമഹായാത്രയ്ക്കിടെ നൽകിയപ്പോഴാണ് ഒരുവിഭാഗം നേതാക്കൾ നേതാക്കൾ എതിർപ്പുമായി രംഗത്തു വന്നത്.

കെപിസിസി വിലക്ക് മറികടന്ന് ഡിസിസി അധ്യക്ഷൻ മൂന്ന് മണ്ഡലം കമ്മിറ്റികൾക്കും ഫണ്ട് പിരിക്കാനുള്ള രസീതുകൾ കൈമാറിയതിനെയാണ് ഒരുവിഭാഗം നേതാക്കൾ ചോദ്യം ചെയ്യുന്നത്. ഇവർ ഇക്കാര്യം മുല്ലപ്പള്ളിയെ അറിയിക്കുകയും ചെയ്തു. പൊതുവേദിയിൽ പരസ്യമായി നടന്ന തർക്കത്തിൽ കെപിസിസി മുല്ലപ്പള്ളി രാമചന്ദ്രൻ കടുത്ത രോഷം പ്രകടിപ്പിച്ചു. കണ്ണൂരിലെ യാത്രാസമാപനത്തിന് ശേഷം തലശ്ശേരിയിൽ നേതാക്കൾ സംഗമിച്ചപ്പോൾ മുല്ലപ്പള്ളി ഇക്കാര്യം ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെ അറിയിക്കുകയും ചെയ്തു.

കാസർകോടുള്ള നായന്മാർ മൂലയിൽ നിന്നുമാണ് ഈ മാസം മൂന്നിനാണ് യാത്ര ആരംഭിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. 14 ജില്ലകളിലായി 26 ദിവസം നീളുന്ന പര്യടനം ഫെബ്രുവരി 28ന് തിരുവനന്തപുരത്താണ് സമാപിക്കുക.