കൊച്ചി മേയറെ ബലിമൃഗമാക്കാൻ ഉദേശിക്കുന്നില്ല, വിജയമായാലും പരാജയമായാലും കൂട്ടുത്തരവാദിത്വമാണ് ; മുല്ലപ്പള്ളി രാമചന്ദ്രൻ
സ്വന്തം ലേഖൻ
കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്‍റെ പേരില്‍ കൊച്ചി മേയർ സ്ഥാനത്തുനിന്ന് സൗമിനി ജെയിനിനെ മാറ്റാനുള്ള ഐ ഗ്രൂപ്പിന്റെ ശ്രമം പരാജയപ്പെട്ടു. ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ കൊച്ചി മേയറെ മാറ്റില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. തുടര്‍ന്നാണ് ഐ ഗ്രൂപ്പിന്‍റെ നീക്കം പരാജയപ്പെട്ടത്. മേയറെ മാത്രമായി ബലിമൃഗമാക്കാനില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
വിജയമായാലും പരാജയമായാലും ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെന്നും ഒരാള്‍ക്ക് മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മേയറെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപതെരഞ്ഞെടുപ്പിൽ എറണാകുളത്തെ മോശം പ്രകടനത്തിന്‍റെ പേരില്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് സൗമിനി ജെയിന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ഇനിയുള്ള ഒരു വര്‍ഷം സൗമിനിജെയിന്‍ തന്നെ കോര്‍പ്പറേഷനെ നയിക്കും.
ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് യുഡിഎഫ് പ്രതീക്ഷിച്ചത് 10000ന് മുകളിലുള്ള ഭൂരിപക്ഷമായിരുന്നു. ഐ ഗ്രൂപ്പ് കാരനായ ടി.ജെ. വിനോദിന് കിട്ടിയതാകട്ടെ 3750 വോട്ടിന്‍റെ ലീഡും. ഇതോടെയാണ്, വെള്ളക്കെട്ടും മോശം റോഡുകളും ഗതാഗത കുരുക്കും ഉള്‍പ്പെടെ കോര്‍പ്പറേഷന്‍റെ ഭരണപരാജയമാണ് ഇതിന് കാരണമെന്നും എ ഗ്രൂപ്പുകാരിയായ സൗമിനി ജെയിനിനെ നീക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യമുയര്‍ത്തിയത്. ഹൈബി ഈഡന്‍ എം പി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടു. എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും ഇതിനെ പിന്തുണച്ചിരുന്നു.
എന്നാൽ രാജിവയ്ക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സൗമിനി ജെയിന്‍റെ പ്രതികരണം. രാജിസന്നദ്ധത താന്‍ അറിയിച്ചിട്ടുമില്ലെന്നും കൊച്ചി നഗരസഭക്കെതിരായ ഹൈബി ഈഡന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു. കൊച്ചിയില്‍ വെള്ളകെട്ടുണ്ടായത് നഗരസഭയുടെ വീഴ്ച കൊണ്ടല്ലെന്ന് സൗമിനി ജെയിന്‍ അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് വകുപ്പിനാണ് വീഴ്ച സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.