
ആലപ്പുഴ: സംസ്ഥാനത്ത് മുല്ലപ്പൂവിന്റെ വില കുതിക്കുന്നു.
സ്വർണവിലയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ വർധന.
ഒരു മുഴം മുല്ലപ്പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറ വിപണിയില്‍ 210 രൂപയുമാണ് വില. ഓണക്കാലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 25 ശതമാനം വരെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കിലോഗ്രാമിന് 7,000 മുതല്‍ 8,000 രൂപ വരെയാണ് നിലവില്‍ മുല്ലപ്പൂവിന്റെ വില. വില ദിനംപ്രതി ഉയരുന്നതിനൊപ്പം ആവശ്യത്തിന് പൂവ് ലഭിക്കാത്തതും വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ കിലോയ്ക്ക് 4,000 രൂപയായിരുന്നു വില. വിവാഹങ്ങളും ഉത്സവങ്ങളും പൊങ്കല്‍ ആഘോഷങ്ങളും അടക്കമുള്ള സീസണല്‍ ആവശ്യകതയാണ് വില പെട്ടെന്ന് ഉയരാൻ കാരണമെന്നു വ്യാപാരികള്‍ വ്യക്തമാക്കുന്നു.
തമിഴ്നാട്ടിലെ ചില പ്രദേശങ്ങളില്‍ മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് 12,000 രൂപവരെ എത്തിയിട്ടുണ്ട്.
മഴയും മഞ്ഞും തുടരുന്നതിനാല്‍ ഉത്പാദനം കുറഞ്ഞതാണ് വിലവർധനയ്ക്ക് പിന്നിലെ മറ്റൊരു പ്രധാന കാരണം. തണുപ്പുകാലത്ത് മുല്ലപ്പൂവിന്റെ വിളവ് സ്വാഭാവികമായി കുറയുകയും പൂവിന്റെ വലിപ്പം ചെറുതാകുകയും ചെയ്യുന്നു. നിലവില്‍ വിപണികളില്‍ കൂടുതലായും ലഭിക്കുന്നത് കരിമൊട്ടുകളാണ്.



