മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുക്കി വിട്ടത് പലതവണ; വീടുകള്‍ക്ക് ബലക്ഷയം; തീരുമാനമാകാതെ നഷ്ടപരിഹാരം

മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുക്കി വിട്ടത് പലതവണ; വീടുകള്‍ക്ക് ബലക്ഷയം; തീരുമാനമാകാതെ നഷ്ടപരിഹാരം

സ്വന്തം ലേഖിക

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്ന് പലതവണ വീടുകളില്‍ വെള്ളം കയറിയിട്ടും പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് നഷ്ട പരിഹാരം നൽകുന്നതിൽ തീരുമാനമൊന്നുമായില്ല.

പ്രളയജലം കയറിയ വീട്ടുടമകള്‍ക്ക് ലഭിക്കേണ്ട അടിയന്തര ആശ്വാസമായ പതിനായിരം രൂപ പോലും ഇതുവരെ നൽകിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുല്ലപ്പെരിയാര്‍ സ്പില്‍വേയില്‍ നിന്നും കുതിച്ചൊഴുകിയ വെളളം ഇത്തവണ ആറ് തവണയാണ് വള്ളക്കടവ് മുതല്‍ കീരിക്കര വരെയുള്ള ഭാഗത്തെ വീടുകളില്‍ കയറിയത്. ഏറ്റവുമധികം ജലമൊഴുക്കിയ ആറാം തിയതിയാണ് കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയത്.

പല വീടുകളിലും മുട്ടൊപ്പം വെള്ളമെത്തി. ഔദ്യോഗിക കണക്കനുസരിച്ച്‌ രണ്ടു വില്ലേജുകളിലായി 122 വീടുകളില്‍ വെള്ളം കയറി.

പലര്‍ക്കും വീട്ടുസാധനങ്ങളും തുണിയുമൊക്കെ നഷ്ടമായി. രണ്ടാഴ്ചയോളം പണിക്കും പോകാനായില്ല.

കടശ്ശിക്കാട്, മഞ്ചുമല, ചുരക്കുളം എന്നീ ഭാഗത്തെ വീടുകളിലാണ് ഏറ്റവും കൂടുതല്‍ തവണ പ്രളയ സമാനമായ രീതിയില്‍ വെള്ളമെത്തിയത്.

വെള്ളം കയറിയ വീടുകള്‍ക്കെല്ലാം ബലക്ഷയമുണ്ട്. പലരുടെയും വയറിംഗ് നശിച്ചു. ചെളികയറിയ വീടുകള്‍ പലതവണ വൃത്തിയാക്കേണ്ടി വന്നു.

കിണറുകളില്‍ മലിനജലം എത്തിയത് രോഗങ്ങള്‍ക്കും കാരണമായി. മഞ്ചുമല വില്ലേജില്‍ മാത്രം 43 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വീടുകള്‍ക്കുണ്ടായത്.

50 ലക്ഷത്തിലധികം രൂപയുടെ തൊഴില്‍ നഷ്ടവുമുണ്ടായി. സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമേ ഇവര്‍ക്ക് തിരികെ പഴയ ജീവിതത്തിലേക്ക് എത്താനാകു.

എന്നാൽ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണക്കെടുപ്പല്ലാതെ മറ്റൊന്നും നടന്നില്ല. നഷ്ടപരിഹാരം ഇനി എന്ന് കിട്ടുമെന്ന പ്രതിസന്ധിയിലാണ് പ്രദേശവാസികൾ.