
മുല്ലപ്പെരിയാർ സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി
സ്വന്തംലേഖകൻ
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്നലെ സന്ദർശനം നടത്തി.പ്രധാന അണക്കെട്ട്, ഗാലറി, സ്പിൽവേ, ബേബി ഡാം എന്നിവിടങ്ങളിൽ സമിതി പരിശോധന നടത്തി. സ്പിൽവേ ഷട്ടറുകളിൽ ഒന്നാം നന്പർ ഷട്ടർ ഉയർത്തിയും താഴ്ത്തിയും കാര്യക്ഷമത വിലയിരുത്തി. 13 ഷട്ടറുകളിൽ മറ്റ് ഷട്ടറുകളുടെ പരിശോധന നടത്തിയില്ല. ഗാലറിയിലെയും അണക്കെട്ടിലെയും ചോർച്ച നേർത്തതാണെന്നും എല്ലാം ഭദ്രമാണെന്നും സമിതി ചെയർമാൻ ഗുൽഷൻ രാജ് കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ നടന്ന മീറ്റിംഗിനു ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ എന്നു ലഭിക്കുമെന്ന കാര്യത്തിൽ ചെയർമാനു വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ഷട്ടർ മാനുവൽ കേരളത്തിനു നൽകുന്നതു സംബന്ധിച്ചുള്ള പ്രശ്നം സെൻട്രൽ വാട്ടർ കമ്മീഷന്റെ പരിഗണനയിലാണെന്നും താമസിയാതെ തീരുമാനമാകുമെന്നും പറഞ്ഞ ചെയർമാൻ അണക്കെട്ടിലേക്കുള്ള വള്ളക്കടവ് റോഡ്, അണക്കെട്ടിലേക്കുള്ള വൈദ്യുതി വിതരണം എന്നീ കാര്യങ്ങളിൽ ഏറെ താത്പര്യം പ്രകടിപ്പിച്ചതു ശ്രദ്ധേയമായി. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാൻ സ്പിൽവേ ഷട്ടർ ഉയർത്തുന്നതുമായി ബന്ധപ്പെട്ട ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ ലഭ്യമാക്കണമെന്ന കേരളത്തിന്റെ അഞ്ചു വർഷത്തോളമായുള്ള ആവശ്യമാണു നീണ്ടുപോകുന്നത്.