മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ ഏഴ് മണിക്കൂർ സൂപ്പർ മാർക്കറ്റിൽ തടഞ്ഞുവച്ച സംഭവം ; രണ്ട് പേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
നാദാപുരം: മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ എഴുമണിക്കൂർ സൂപ്പർമാർക്കറ്റിൽ തടഞ്ഞുവച്ച സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നാദാപുരത്തെ സൂപ്പർ മാർക്കറ്റിലാണ് സംഭവം നടന്നത്. ബുധനാഴ്ചയാണ് വീട്ടമ്മയെ മുളക് പൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചത്.
തന്നെ ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ ആരോപിച്ചു. സൂപ്പർമാർക്കറ്റിലെ ആളില്ലാത്ത സ്റ്റോർ മുറിയിൽ കൊണ്ടുപോയി ഇരുത്തിയ വീട്ടമ്മയോട് ഇവർ വെള്ളപ്പേപ്പറിൽ ഇതിന് മുൻപും മോഷണം നടത്തിയെന്ന് എഴുതി ഒപ്പിട്ട് തരാൻ പറഞ്ഞു. കൂടാതെ വീട്ടമ്മയുടെ ഫോട്ടോ എടുക്കുകയും ഒച്ചവച്ച് ബഹളമുണ്ടാക്കിയാൽ കള്ളിയെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. രാവിലെ മാർക്കറ്റിൽ സാധനം വാങ്ങിക്കാനായി എത്തിയ ഇവരെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് പുറത്തുവിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വീട്ടമ്മയെ തടഞ്ഞുവച്ചിട്ടില്ലെന്നാണ് സൂപ്പർമാർക്കറ്റ് ഉടമ പറയുന്നത്. മോഷണം നടത്തിയത് അറിഞ്ഞപ്പോൾ ചോദിക്കാൻ ഓഫീസിൽ വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തതെന്നാണ് സൂപ്പർമാർക്കറ്റ് ഉടമ പറഞ്ഞു.