
കോട്ടയം മുളക്കുളം -വെള്ളൂർ – ചന്തപ്പാലം റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളൂരിലെ വ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചു.
വെള്ളൂർ : കുണ്ടും കുഴിയുമായി തകർന്ന് ഗതാഗതം ദുഷ്കരമായ മുളക്കുളം -വെള്ളൂർ – ചന്തപ്പാലം റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളൂരിലേയും മിഠായിക്കുന്നത്തേയും വ്യാപാരികൾ കടകൾ അടച്ച് പ്രതിക്ഷേധപ്രകടനവും ധർണയും നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വെള്ളൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണാ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ജെ. മാത്യു അധ്യക്ഷത വഹിച്ചു.
നിർമ്മാണം തുടങ്ങിരണ്ടു വർഷമായിട്ടും യാത്രാ ദുരിതം തുടരുന്ന സാഹചര്യത്തിൽ സർക്കാർ കരാർ റദ്ദാക്കി പുതിയ കരാറുകാനെ പണി ഏൽപിച്ചു ദ്രുതഗതിയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.കെ. തോമസുകുട്ടി അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറൽ സെക്രട്ടറി കെ.കെ.മാത്യു, ട്രഷറർ പി. കെ. ഷാജി, വൈസ് പ്രസിഡൻ്റ് കെ.ഗോപൻ, ജോയിൻ്റ് സെക്രട്ടറി കെ.കെ. പ്രതാപൻ, ബി ജെ പി നേതാവ് പി.ജി.ബിജുകുമാർ, വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ. സോണിക,പഞ്ചായത്ത് അംഗങ്ങളായ ആർ. നികിതകുമാർ, കുര്യാക്കോസ് തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു വർഷത്തിനകം പൂർത്തിയാകേണ്ട റോഡ് വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ തർക്കവും കരാറുകാരൻറ അനാസ്ഥയും മൂലം രണ്ടു വർഷം പിന്നിട്ടിട്ടും റോഡ് നിർമ്മാണം പാതിവഴിയിലാണ്.
ഏതാനും മീറ്ററുകൾ ഒന്നിടവിട്ടു കോൺക്രീറ്റു ചെയ്ത റോഡിലെ കയറ്റിറക്കങ്ങളും കുഴികളും യാത്ര ദുരിതപൂർണമാക്കുകയും വാഹനങ്ങൾക്ക് യന്തത്തകരാർ ഉണ്ടാക്കുകയും ചെയ്യുന്നു. റോഡിൻ്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കുന്ന കലുങ്കുകളുടെ നിർമ്മാണവും പാതിവഴിയിൽ നിലച്ചിരിക്കുകയാണ് .
വെട്ടിക്കാട്ട്മുക്ക് വെള്ളൂർ റോഡിലൂടെ സർവ്വീസ് നടത്തിയിരുന്ന ബസുകൾ ഭാഗികമായി സർവീസ് പുനരാരംഭിച്ചെങ്കിലും റോഡിൻ്റെ ശോച്യാവസ്ഥകാരണം സർവ്വീസ് നടത്തുവാൻ കഴിയാത്ത നിലയിലാണ്. ബസ്ഗതാഗതം തടസപ്പെടുന്നതിനാൽ സാധാരണക്കാരുടെ യാത്ര ദുരിത പൂർണമായി.
പിറവം റോഡ് റെയിൽവെസ്റ്റേഷൻ, വെള്ളൂർപഞ്ചായത്ത് ഓഫീസ്, ആശുപത്രി, സ്കൂളുകൾ,കെ പി പിഎൽ, വിവിധ സർക്കാർ ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ജനങ്ങളുടെ ഏക യാത്രാമാർഗ്ഗമാണ് ഈ റോഡ്.
ഈ പദ്ധതിയുടെ ഭാഗമായി വെള്ളൂരിൽ നിന്നും മുളക്കുളത്തേക്കുള്ള റോഡും നിർമ്മാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. വെട്ടിക്കാട്ടുമുക്കിൽ നിന്നും അടിയം വഴി തലയോലപ്പറമ്പിലേക്കുള്ള റോഡും ഈ നിർമ്മാണത്തിൻ്റെ ഭാഗമായി തകർന്നു കിടക്കുകയാണ്.
23 കിലോമീറ്റർ റോഡിൻ്റെ നിർമ്മാണത്തിന് 112 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. കെഎസ്ടി പിക്കാണ് നിർമ്മാണ ചുമതല. കോൺക്രീറ്റ് ചെയ്ത് റോഡിൻ്റെ സംരക്ഷണഭിത്തിയടക്കം നിർമ്മിക്കുന്നതിനാണ് ലക്ഷ്യമിട്ടത്.