തൃശ്ശൂർ നാട്ടികയില്‍ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതോടെ സിപിഐ വിട്ട മുകുന്ദനെ കോണ്‍ഗ്രസും കൈ വിട്ടു; സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് സൂചന

Spread the love

തൃശ്ശൂർ : തൃശ്ശൂർ നാട്ടികയില്‍ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതോടെ സി പി ഐ വിട്ട് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സി സി മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന് നിലപാടില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം.കോണ്‍ഗ്രസ് നാട്ടികയില്‍ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് സൂചന. സുനില്‍ ലാലൂർ നാട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായേക്കും. സി. കെ വിനോദിനെയും പരിഗണിക്കുന്നുണ്ട്. മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കട്ടേയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പൊതു അഭിപ്രായം കെപിസിസിയെ അറിയിച്ചു.

video
play-sharp-fill

കെപിസിസി ഇത് ദേശീയ നേതൃത്വത്തെ ധരിപ്പിക്കും. ദേശീയ നേതൃത്വത്തില്‍ നിന്നാണ് അന്തിമ തീരുമാനമുണ്ടാകുക. മുകുന്ദൻ പിടിക്കുന്ന വോട്ടുകള്‍ സിപിഐയുടേത് എന്ന നിഗമനത്തിലാണ് സ്വന്തം സ്ഥാനാർഥി വേണമെന്ന അഭിപ്രായം കോണ്‍ഗ്രസ് ശക്തമായത്.

നാട്ടിക എം. എല്‍. എയായിരുന്ന സി. സി. മുകുന്ദനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ സി. പി. ഐയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പകരം മുൻ എം. എല്‍. എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗീതാ ഗോപിയുടേത് ‘പെയ്‌മെന്റ് സീറ്റ്’ ആണെന്നും തനിക്ക് പണം പിരിച്ചു നല്‍കാൻ കഴിയാത്തതിനാലാണ് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. യു. ഡി. എഫും ബി.ജെ.പിയും സമീപിച്ചിട്ടുണ്ടെന്നും സമാന ചിന്താഗതിയുള്ളവരുടെ പിന്തുണയോടെ മത്സരിക്കുമെന്നും മുകുന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ് മുകുന്ദനെ കൈവിട്ട നിലയിലാണ്. ബിജെപി പിന്തുണ മുകുന്ദൻ സ്വീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല.