
തിരുവനന്തപുരം: ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. ആറ്റുകാൽ സ്വദേശി കൃഷ്ണകുമാറിനെ (58)യാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. മാർച്ചിലായിരുന്നു സംഭവം. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന സ്വർണപ്പണയ സ്ഥാപനത്തിൽ ആണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
ഭാര്യയ്ക്ക് അപകടം പറ്റി ആശുപത്രിയിൽ അഡ്മിറ്റാണെന്നും എത്രയും വേഗം സ്വർണം വച്ച് പണം തരണമെന്നും ആവശ്യപ്പെട്ട് എത്തിയ ഇയാൾ മുക്കുപണ്ടം പണയം വച്ച് മുങ്ങുകയായിരുന്നു. വ്യാജപേരും മേൽവിലാസവും നൽകിയ ഇയാൾ തിരിച്ചറിയൽ രേഖകൾ പിന്നാലെ എത്തിക്കാമെന്നും ജീവനക്കാരോട് അപേക്ഷിച്ച ഇയാളുടെ അവസ്ഥ കണ്ടാണ് പണയം എടുത്തത്. എന്നാൽ ഇയാൾ നൽകിയ 16 ഗ്രാം മുക്കുപണ്ടമാണെന്ന് സംശയം തോന്നിയതോടെ പരാതി നൽകുകയായിരുന്നു.
സംശയം തോന്നിയ ജീവനക്കാരി കടയുടമയെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. സമാന രീതിയിൽ ബാലരാമപുരത്തും മറ്റ് സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group