ഭർത്താവിനോട് മര്യാദയ്ക്ക് നിൽക്കാൻ പറയണം, ഇല്ലെങ്കിൽ വിവരമറിയും ;മുക്കത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം
സ്വന്തം ലേഖകൻ
മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിയതോടെ തെരഞ്ഞെടിപ്പിനെയും സ്ഥാനാർത്ഥികളെയും ചൊല്ലിയുള്ള തർക്കങ്ങളും കൊഴുക്കുന്നുണ്ട്. ഇതിനിടെയിലാണ് മുക്കം നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്കു നേരെ അജ്ഞാതന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്.
അജ്ഞാതൻ യുവതിയുടെ കഴുത്തിൽ മുണ്ട് മുറുക്കി മർദ്ദിച്ചതിനെ തുടർന്ന് യുവതി ഇപ്പോൾ ചികിത്സയിലാണ്. നഗരസഭയിലെ അഞ്ചാം ഡിവിഷനായ തോട്ടത്തിൻകടവിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥി നൗഫൽ മല്ലിശ്ശേരിയുടെ ഭാര്യ ഷാനിദക്ക് നേരെയാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാനിദ ജോലി ചെയ്യുന്ന തിരുവമ്പാടിയിലെ സ്വകാര്യ ലാബിൽവെച്ചാണ് അക്രമം നടന്നത്. ഒരാൾ കടന്നുവന്ന് ഷാനിദയുടെ കഴുത്തിൽ മുണ്ട് മുറുക്കി മർദിക്കുകയായിരുന്നു. എന്നാൽ ആക്രമണത്തിനിടെയിൽ ഷാനിദ ബഹളംവെച്ചതോടെ അക്രമി രക്ഷപ്പെട്ടു.ഇതേ തുടർന്ന് അബോധാവസ്ഥയിലായ ഷാനിദയെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നൗഫലിനോട് മര്യാദക്കു നിൽക്കാൻ പറയണം, ഇല്ലെങ്കിൽ വിവരം അറിയും എന്നു പറഞ്ഞ് കഴുത്തു ഞെരിച്ചു എന്നും ബഹളം ഉണ്ടാകാൻ ശ്രമിച്ചപ്പോൾ അക്രമി പോയി എന്നുമാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
എന്നാൽ ലാബിനുള്ളിലേക്ക് ഒരാൾ മാത്രമാണ് കയറിയതെന്നും പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് തനിക്ക് അറിയില്ല എന്നും ഷാനിദ പറയുന്നു. കോവിഡ് കാലമായതിനാൽ മാസ്‌ക് ധരിച്ചെത്തിയതും അക്രമിയെ തിരിച്ചറിയാനും ബുദ്ധിമുട്ടായി.
നാമനിർദേശപത്രിക സൂക്ഷ്മപരിശോധനക്കിടയിൽ ചിലരുമായി വാക് തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ എന്ന് സംശയിക്കുന്നതായും ഇവർ പറഞ്ഞു.