മുകേഷ് രാജിവെക്കേണ്ടെന്ന് സിപിഎം: ‘ധാർമികമായി രാജിവെച്ചാൽ ധാർമികമായി തിരികെവരാൻ കഴിയില്ല’, കുറ്റം തെളിയുന്നത് വരെ രാജിയുടെ ആവശ്യമില്ല
തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടൻ മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടെന്ന് സി.പി.എം. സിനിമാ നയരൂപവത്കരണ സമിതിയിൽനിന്ന് മുകേഷിനെ ഒഴിവാക്കും. സംസ്ഥാന നേതൃയോഗങ്ങൾക്കു ശേഷമുള്ള വാർത്താസമ്മേളനത്തിൽ സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.
ധാർമികമായി രാജിവെച്ചാൽ, കുറ്റവിമുക്തമാക്കപ്പെട്ടാൽ ധാർമികമായി തിരികെ വരാൻ കഴിയില്ല. ധാർമിക നിയമസംഹിതയില്ല. ഉള്ളത് തിരഞ്ഞെടുപ്പ് നിയമമാണ്. ധാർമികതയുടെ പേരും പറഞ്ഞത് രാഷ്ട്രീയ ഉള്ളടക്കത്തോടെയുള്ള ഏത് ശ്രമത്തേയും അംഗീകരിക്കാനാകില്ല.
മുകേഷ് കുറ്റാരോപിതൻ മാത്രമായിരിക്കുന്ന സാഹചര്യത്തിൽ രാജി ആവശ്യം അംഗീകരിക്കുന്നില്ലെന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ വിശദീകരണം. ആരെയെങ്കിലും സംരക്ഷിക്കുകയെന്ന നിലപാട് സർക്കാരിനില്ല. ഭരണപക്ഷ എം.എൽ.എയ്ക്കെതിരെ പോലും കേസെടുത്ത് മുമ്പോട്ടുപോകുന്ന സർക്കാരാണിത്. ഇക്കാര്യത്തിൽ രാജ്യത്തിനുതന്നെ മാതൃകയായതാണ് സർക്കാർ സമീപനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് 16 എം.പിമാരും 135 എം.എൽ.എമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരാണ്. ഇവരാരും എം.പി. സ്ഥാനമോ എം.എൽ.എ സ്ഥാനമോ രാജിവെച്ചിട്ടില്ല. രണ്ട് എം.എൽ.എമാർക്കെതിരെ കേരളത്തിൽ തന്നെ കേസുണ്ട്. ഒരാൾക്ക് ജയിലിൽ കിടക്കേണ്ടിവന്നിട്ടുണ്ട്. ഉമ്മൻചാണ്ടി കുഞ്ഞാലിക്കുട്ടി, അനിൽകുമാർ, ഹൈബി ഈഡൻ, പീതാംബരകുറുപ്പ്, ശശി തരൂർ എന്നിവരുടെ എല്ലാം പേരിൽ ആരോപണങ്ങളുണ്ടായെങ്കിലും അവരാരും രാജിവെച്ചിട്ടില്ല. മന്ത്രിസ്ഥാനത്തിരുന്നവർ രാജിവെച്ചിരുന്നു.
അതേസമയം, സിനിമയുമായി ബന്ധപ്പെട്ട സമിതികളിൽ അംഗമായി ഇരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പാർട്ടി കൈക്കൊള്ളുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതിയിൽനിന്ന് മുകേഷിനെ ഒഴിവാക്കണം. കേസന്വേഷണത്തിൽ യാതൊരു ആനുകൂല്യവും എം.എൽ.എ. എന്നതരത്തിൽ നല്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.