മുഹമ്മദലിയുടെ കുറ്റസമ്മതം വെട്ടിലായി പോലീസ് ;അന്വേഷണം സമീപ ജില്ലകളിലേക്കും; സഹോദരന്‍റെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തും

Spread the love

കോഴിക്കോട്: പോലീസിന് വെല്ലുവിളിയായി മുഹമ്മദലിയുടെ വെളിപ്പെടുത്തൽ. പഴയ കാല കേസ് ഫയലുകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. മുഹമ്മദലി കൊല ചെയ്തെന്ന് പറയുന്ന കാലഘട്ടത്തിലെ രണ്ട് ദുരൂഹ മരണങ്ങള്‍ സംബന്ധിച്ച കേസിന്‍റെ രേഖകളാണ് പൊലീസ് തെരയുന്നത്.

രണ്ട് കേസിലേയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിന്‍റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. അന്ന് മരിച്ചയാളുകളുടെ വിവരങ്ങള്‍ തേടി സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

35 വര്‍ഷം മുമ്പ് രണ്ട് കൊലപാതകം ചെയ്തെന്ന് ഏറ്റു പറയുക. കൊല ചെയ്ത സ്ഥലം വെളിപ്പെടുത്തിയെങ്കിലും കൊല്ലപ്പെട്ടവരെക്കുറിച്ച് ഒരു സൂചന പോലുമില്ലാതിരിക്കുക. വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായിരിക്കുന്നത് പൊലീസാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് 1986ല്‍ കൂടരഞ്ഞിയിൽ നടന്ന ദുരൂഹ മരണത്തിന്‍റെ വേരു തേടി അന്വേഷണം തുടങ്ങിയ പൊലീസിന് അന്നത്തെ കാലത്തെ കേസ് ഫയലുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ തേടി അന്വേഷണ സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരെ സമീപിച്ചിട്ടുണ്ട്. അന്ന് മരിച്ചയാള്‍ ഇരിട്ടി സ്വദേശിയായിരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

അതേസമയം മുഹമ്മദലി മാനസിക പ്രശ്തങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നുവെന്ന സഹോദരന്‍റെ വെളിപ്പെടുത്തലില്‍ ആ വഴിക്കും പൊലീസ് പരിശോധന നടത്തുന്നുണ്ട്. മുമ്പ് ഇയാള്‍ ചികിത്സ തേടിയ കോഴിക്കോട് എര‍ഞ്ഞിപ്പാലത്തെ ആശുപത്രി രണ്ടു വര്‍ഷം മുമ്പ് പൂട്ടിയതായി അന്വേഷണ സംഘം കണ്ടെത്തി. വെള്ളയില്‍ ബീച്ചില്‍ വെച്ച് സുഹൃത്തായ ബാബുവിനൊപ്പം കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ എട്ടംഗ ക്രൈം സ്ക്വാഡ് ആണ് അന്വേഷണം നടത്തുന്നത്.