നടുറോഡിൽ പരസ്യമദ്യപാനം: ചോദ്യം ചെയ്തയാളെ കുത്തിപ്പരിക്കേൽപ്പിച്ചു; അണലി ഷിജുവും കൂട്ടാളിയും അറസ്റ്റിൽ
തേർഡ് ഐ ബ്യൂറോ
കഠിനംകുളം: നടുറോഡിൽ ഓട്ടോറിക്ഷയിലിരുന്ന് പരസ്യമായി മദ്യപിച്ചയാളെ ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ച ഗുണ്ട അണലി ഷിജുവിനെയും സംഘാംഗത്തെയും പൊലീസ് അറസ് ചെയ്തു.
കഠിനംകുളം ചിന്ത ജംഗ്ഷനിൽ വച്ച് കഠിനംകുളം ചാന്നാക്കര പഴഞ്ചിറ മണക്കാട്ടിൽ നൗഷാദി(43) കുത്തിയ കേസിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ ഒന്നാം പ്രതി കഠിനംകുളം ചാന്നാക്കര പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ ഷിജു (അണലി ഷിജു 34), കഠിനംകുളം പഴഞ്ചിറ ശ്രീനിലയം വീട്ടിൽ അരുൺ കുമാർ (അജി -41) എന്നിവരെയാണ് കഠിനംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ.അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ പ്രതികളായ അണലി ഷിജുവും, ഗുണ്ടാ സംഘത്തിലെ രണ്ടു പേരും ചേർന്ന് ചിന്ത ജംഗ്ഷനിൽ എത്തി മദ്യപിക്കുകയായിരുന്നു.
ഓട്ടോറിക്ഷയിലിരുന്ന് മദ്യപിക്കുകയും, ബഹളം വയ്ക്കുകയും ചെയ്ത ഇവരെ കണ്ട് കുത്തേറ്റ നൗഷാദ് സ്ഥലത്ത് എത്തി. തുടർന്നു നൗഷാദ് ഇവരോട് പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഈ സമയം കയ്യിരുന്ന കത്തിയെടുത്ത് അണലി ഷിജു നൗഷാദിനെ കുത്തുകയായിരുന്നു
കുത്തേറ്റ് നൗഷാദ് വീണതോടെ പ്രതികൾ ഓടിരക്ഷപെട്ടു. സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട പ്രതികളെ പൊലീസ് രഹസ്യമായി പിൻതുടർന്നു.
കേസിലെ പ്രധാന പ്രതികളായ ഷിജുവിനെയും, അരുൺകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഐ സജു, ഗ്രേഡ് എസ്.ഐമാരായ കൃഷ്ണപ്രസാദ്, ഷാജി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.