
മലയാളം ഉള്ളടത്തോളം കാലം കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എംടിക്ക് മരണമില്ല; എംടി യുടെ സ്മരണകൾ മായാതെ ഇവിടെയുണ്ടാകും ; എ കെ ശ്രീകുമാർ
കോഴിക്കോട് : മലയാളികൾക്ക് കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് പ്രണാമം.
മലയാളം ഉള്ളടത്തോളം കാലം എംടിക്ക് മരണമില്ലന്നും എംടി യുടെ സ്മരണകൾ മായാതെ ഇവിടെയുണ്ടാകുമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ ശ്രീകുമാർ അനുസ്മരിച്ചു.
വലിയ അംഗീകാരങ്ങളെല്ലാം കൈവെള്ളയിലെത്തിയപ്പോഴും ഞാൻ മാത്രമല്ല ലോകമെന്നും തന്റേത് മാത്രമല്ല കഥകളെന്നും തിരിച്ചറിഞ്ഞ് സാഹിത്യത്തിന്റെ പല തലമുറകളെ വാർത്തെടുത്താണ് പത്മഭൂഷൻ എം.ടി അരങ്ങൊഴിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാള സാഹിത്യത്തിന് നൽകിയ അമൂല്യ സംഭാവനകൾക്ക് 1996-ൽ കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചു. 1995 ൽ ജ്ഞാനപീഠ പുരസ്‌കാരം. 2005-ൽ പത്മഭൂഷൺ നൽകി രാജ്യം എം.ടിയെ ആദരിച്ചു.
എംടിയുടെ രചനകളിൽ ഉടനീളം നിളാ നദിയെ പ്രണയിക്കുകയാണ്. എം.ടിയുടെ കഥാപ്രപഞ്ചത്തിൽ നിള ഒരു സജീവ കഥാപാത്രമായിരുന്നു. സങ്കടങ്ങളുടെയും സന്തോഷത്തിന്റെയും കഥകൾ നിളയെ സാക്ഷിയാക്കി മഹാകഥാകാരൻ നിരവധി തവണ പറഞ്ഞു. നിളയും തന്റെ ബാല്യകാലത്തെ സജീവമാക്കിയ കുമരനെല്ലൂരിലെ കുളങ്ങളും കണ്മുന്നിൽ ഇല്ലാതാവുന്നതിലെ വേദനയും ഉത്കണ്ഠയും എം ടി യുടെ രചനകളിൽ നിറഞ്ഞു നിന്നിരുന്നു.
മലയാളം പോലെ മലയാളിക്ക് പ്രിയപ്പെട്ടതാണ് എം.ടി യെന്ന രണ്ടക്ഷരവും. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, പ്രഭാഷകൻ, നാടകകൃത്ത്, ഗാനരചയിതാവ് ഇങ്ങനെ പടർന്നു പന്തലിച്ചതാണ് ആ സാഹിത്യ ജീവിതം
മലയാളികൾക്ക് കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരന് പ്രണാമം..!