
സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തി; കാൽവഴുതി പാറയിടുക്കിലേക്ക് വീണ എംടെക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത് പാറയുടെ വിടവിൽ തലകീഴായി ഇറുകിയ നിലയിൽ
തിരുവനന്തപുരം: വിതുര താവയ്ക്കലിൽ ഒഴുക്കിൽപ്പെട്ട് തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കാണാതായ വലിയമല ഐഇഎസ്ടിയിലെ എംടെക് വിദ്യാർത്ഥിയായ ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രമണ്യ(25)ത്തിന്‍റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്.
വിതുര താവയ്ക്കൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ വന്നതായിരുന്നു മോഹൻരാജ് സുബ്രമണ്യവും സുഹൃത്തുക്കളും. വെള്ളച്ചാട്ടത്തിന്‍റെ മുകൾ ഭാഗത്ത് കുളിക്കുന്നതിനിടെ മോഹൻ രാജിന്‍റെ കാൽവഴുതി പാറയിടുക്കിലേക്ക് വീണ് കാണാതാകുകയായിരുന്നു.
മോഹനൊപ്പം ഉണ്ടായിരുന്ന എട്ടംഗ സംഘം ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചു. വിതുര ഫയർഫോഴ്സും പൊലീസും ഒരു മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറയുടെ വിടവിൽ തലകീഴായി ഇറുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഉയർത്താൻ കഴിയാതെ വന്നതോടെ, മണൽച്ചാക്ക് നിരത്തി ഒഴുക്ക് നിയന്ത്രിച്ച ശേഷമാണ് കരയിലേക്കെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പരിസരത്ത് കനത്തമഴയാണെന്നതിനാൽ വാമനപുരം നദിയിലും ഒഴുക്ക് ശക്തമായിരുന്നു.