ചോദ്യപേപ്പർ ചോർച്ച കേസ്; ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ; പ്രതിയായ ഷുഹൈബും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ചോദ്യപേപ്പർ ചോർത്തിയതായും, ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്താൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നതായും റിപ്പോർട്ടിൽ; കേസിൽ പ്രതികൾക്കെതിരെ സംഘടിത കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്; റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസില്‍ പ്രതികള്‍ക്കെതിരെ സംഘടിത കുറ്റം കൂടി ചുമത്തി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിയായ ഷുഹൈബും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്താൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷുഹൈബിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതി കൊടുവളള സ്വദേശി ഷുഹൈബിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസ് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഉളളത്.
അമിത ആദായത്തിനായി ഒന്നാം പ്രതി ഷുഹൈബും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മറ്റ് പ്രതികളും ചേര്‍ന്ന് കുറ്റകരമായ ഗൂഡാലോചന നടത്തി സ്കൂള്‍ തല പാദവാര്‍ഷിക, അര്‍ദ്ധവാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയെടുത്തെന്നും പരീക്ഷയുടെ തലേ ദിവസം പ്രവചനമെന്ന പേരില്‍ എംഎസ് സൊല്യൂഷന്‍സ് എന്ന യൂ ട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചതായും ക്രൈംബ്രാഞ്ച് പറയുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നിന്ന് ചോദ്യപ്പേര്‍ ചോര്‍ച്ച നടന്നു എന്ന നിഗമനത്തില്‍ എത്തുന്ന ക്രൈംബ്രാഞ്ച് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന പത്താം ക്ലാസ് ഇംഗ്ളീഷ് പരീക്ഷയുടെ പേപ്പറുകളാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പ്രധാന തെളിവുകളായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ഓണ പരീക്ഷയില്‍ മുന്‍ പരീക്ഷകളിലൊന്നും വരാത്ത മിസ്റ്റര്‍ ത്രോട്ട് എന്ന റിംഗ് മാസ്റ്ററുടെ ചോദ്യം ചോദിക്കുമെന്ന് എംഎസ് സൊല്യൂഷന്‍ പ്രവചിച്ചിരുന്നു.
ഇതേ പരീക്ഷയില്‍ തന്നെ ന്യൂസ് റിപ്പോര്‍ട്ട് തയ്യാറാക്കുക എന്ന 25 ആമത്തെ ചോദ്യവും എംഎസ് സൊല്യൂഷന്‍സ് പ്രവചിച്ചതാണ്.
മാത്രമല്ല, ഇക്കഴിഞ്ഞ അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ പത്താം ക്ലാസ് ഇംഗ്ലീഷ് പേപ്പറില്‍ വന്ന 18 മുതല്‍ 26 വരെയുളള എല്ല ചോദ്യങ്ങളും എംഎസ് സൊല്യൂഷന്‍സ് പ്രവചിച്ച രീതിയില്‍ തന്നെയാണ് വന്നത്. സാധാരണ നിലയില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ പാസേജ് ചോദ്യത്തില്‍ 5 ചോദ്യങ്ങളാണ് ഉണ്ടാകാറുളളത്. എന്നാല്‍, ഇക്കുറി 6 ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എംഎസ് സൊല്യൂഷന്‍സ് പ്രവചിച്ചിരുന്നു. ആറാമത്തെ ചോദ്യം ഏത് തരത്തിലാകുമെന്നും പ്രവചിച്ചു. ചോദ്യ പേപ്പര്‍ നേരത്തെ കാണാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ പ്രവചനം നടത്താന്‍ കഴിയില്ല.
2. കെമിസ്ട്രി അധ്യാപകനായ ഷുഹൈബ് ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യങ്ങള്‍ ഇത്തരത്തില്‍ കൃത്യമായി പ്രവചിച്ചതില്‍ നിന്ന് ചോദ്യ പേപ്പര്‍ ചോര്‍ച്ച നടന്നതായി സംശയിക്കാവുന്നതാണ്.
3. ചോദ്യ പേപ്പറുകളും ഒന്നാം പ്രതി ഷുഹൈബിന്‍റെ യൂട്യൂബ് വീഡിയോകളും ചോര്‍ന്ന വിഷയങ്ങളിലെ വിദഗ്ധരുടെ മൊഴികളും ഒരുമിച്ച് വിശകലനം ചെയ്യുമ്പോള്‍ ചോദ്യങ്ങള്‍ ചോര്‍ന്നതായി വ്യക്തമാകുന്നുണ്ട്.
4. പൊതു വിദ്യാലയങ്ങളിലെ പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥ സഹായത്തോടെ ചോദ്യപേപ്പറുകള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ബലമായി സംശയിക്കുന്നു.
ഒളിവില്‍ തുടരുന്ന പ്രതി ഷുഹൈബിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ചോദ്യപ്പേര്‍ ചോര്‍ച്ചയില്‍ അധ്യാപകരുടെ പങ്ക് എന്തെന്നുംഅന്വേഷണ പുരോഗതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും.