
എം.ആർ.എഫ് കമ്പനിയിലെ ഏഴുപതോളം ജീവനക്കാർക്ക് കൊവിഡ്; എന്നിട്ടും മുട്ടിലിഴഞ്ഞ് ജില്ലാ ഭരണകൂടം; എം.ആർ.എഫിനും ഭാരത് ആശുപത്രിയ്ക്കും ഒരു നിയമം; സാധാരണക്കാർക്ക് മറ്റൊരു കൊവിഡ് പ്രോട്ടോക്കോളും
ടീം തേർഡ് ഐ
കോട്ടയം: എം.ആർ.എഫ് കമ്പനിയും ഭാരത് ആശുപത്രിയും പോലുള്ള വമ്പൻമാർക്കു മുന്നിൽ മുട്ടിലിഴഞ്ഞ് ജില്ലാ ഭരണകൂടം. ഭാരത് ആശുപത്രിയും എം.ആർ.എഫും പോലെയുള്ള വമ്പൻമാർക്കു മുന്നിൽ മുട്ടിലിടിച്ച് പ്രോട്ടോക്കോൾ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ് ജില്ലാ അധികൃതർ. ഇന്നു പുറത്തു വന്ന കണക്കുകൾ പ്രകാരം എം.ആർ.എഫ് ഫാക്ടറിയുമായി ബന്ധപ്പെട്ട 29 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഫാക്ടറിയിലെ തൊഴിലാളികൾക്കും ഇവരുടെ കുടുംബാംഗങ്ങൾക്കുമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായി പ്രഖ്യാപിച്ച ഇവിടെ ഇപ്പോഴും ഫാക്ടറി തുറന്നു പ്രവർത്തിക്കുകയാണ്. ഇതോടെ എം.ആർ.എഫ് ഫാക്ടറിയിലെ തൊഴിലാളികളും ഇവരുമായി ബന്ധപ്പെട്ടവരും അടക്കം ഏഴുപതോളം പേർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
വടവാതൂർ പ്രദേശത്തെ ഭീതിയുടെ മുൾ മുനയിൽ നിർത്തിയാണ് ഇപ്പോൾ വടവാതൂരിൽ കമ്പനി പ്രവർത്തിക്കുന്നത്. നേരത്തെ ആദ്യം തന്നെ കൊവിഡ് രോഗികളുടെ കണക്കു പുറത്തു വന്നപ്പോൾ തന്നെ എം.ആർ.എഫിൽ കൂടുതൽ രോഗികൾ ഉണ്ടെന്ന വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇത് പുറത്തു വിടാതെ എം.ആർ.എഫ് അധികൃതർ ഒളിച്ചു വയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ കൊവിഡ് സ്ഥിതിഗതികൾ കമ്പനിയിൽ അതിരൂക്ഷമാകാൻ കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇൻഡസ്ട്രീയൽ ക്ലസ്റ്ററായി പ്രഖ്യാപിച്ച കമ്പനി അടച്ചിട്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം, കമ്പനിയുമായി ബന്ധപ്പെട്ട 29 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടും ഇപ്പോഴും ഇവിടെ പ്രവർത്തനം തുടരുകയാണ്. ഈ സാഹചര്യത്തിൽ പ്രദേശവാസികൾ ആകെ ആശങ്കയിലാണ്. ഭാരത് ആശുപത്രിയിൽ ഡോക്ടർക്കു കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ വിവരങ്ങൾ മറച്ചു വയ്ക്കാനാണ് ജില്ലാ ഭരണകൂടവും ആശുപത്രി അധികൃതരും നിലപാട് സ്വീകരിച്ചത്. ഇത് തന്നെയാണ് ഇപ്പോൾ എം.ആർ.എഫിന്റെ കാര്യത്തിലും സംഭവിക്കുന്നത്.
ഒരു ദിവസം എം.ആർ.എഫുമായി ബന്ധപ്പെട്ട 29 പേർക്കു കൊവിഡ് സ്ഥിരീകരിച്ചപ്പോഴും ജില്ലാ ഭരണകൂടം ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. ഇന്നലെ ജില്ലാ ഭരണകൂടത്തിന്റെ പത്രക്കുറിപ്പ് ഇങ്ങനെയായിരുന്നു. –
*എം.ആർ.എഫ്; കോവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി*
ഇൻസ്റ്റിറ്റിയൂഷണൽ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം വടവാതൂരിലെ എം.ആർ.എഫ് ടയേഴ്‌സിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജാഗ്രതാ മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് ഈ സ്ഥാപനത്തിനായി പുറപ്പെടുവിച്ച പ്രത്യേക മാർഗനിർദേശങ്ങൾ പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്.
പത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥാപനങ്ങളെയാണ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകളായി കണക്കാക്കുന്നത്. രണ്ടായിരത്തോളം ജീവനക്കാരുള്ള ഫാക്ടറിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും ആരോഗ്യ വകുപ്പ് കോവിഡ് പരിശോധന നടത്തിവരികയാണ്. ഇവർക്കെല്ലാം ക്വാറന്റയിൻ നിർദേശിച്ചിട്ടുമുണ്ട്.
മറ്റു ജീവനക്കാർക്ക് കമ്പനിയുടെ ചിലവിൽ പരിശോധന നടത്തുന്നതിന് ജില്ലാ കളക്ടർ നിർദേശം നൽകി. സ്ഥാപനം പൂർണമായും അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്നും പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിക്കുന്നവരിൽ അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് സർക്കാർ മാർഗനിർദേശപ്രകാരം അണുനശീകരണം നടത്തി പ്രവർത്തിക്കാമെന്നും ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.
രോഗം സ്ഥിരീകരിക്കുന്ന ജീവനക്കാർക്കായി പ്രാഥമിക ചികിത്സാ കേന്ദ്രവും വീടുകളിൽ ക്വാറന്റയിൻ സൗകര്യമില്ലാത്തവർക്കായി ക്വാറന്റയിൻ കേന്ദ്രവും ഒരുക്കുന്നതിന് കളക്ടറുമായി നടത്തിയ ചർച്ചയിൽ കമ്പനി പ്രതിനിധികൾ സന്നദ്ധത അറിയിച്ചു.