
250 ജീവനക്കാർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും കൊവിഡ്: എന്നിട്ടും പണത്തിനോടുള്ള ആർത്തി മൂത്ത് കമ്പനി അടച്ചിടാതെ വടവാതൂർ എം.ആർ.എഫ് ഫാക്ടറി; യൂണിയനുകളുടെ കത്തിനോടും മനോരമ കുടുംബത്തിന് പുല്ലുവില
തേർഡ് ഐ ബ്യൂറോ
കോട്ടയം: 250 ജീവനക്കാർക്കും ഇവരുടെ കുടുംബാഗങ്ങൾക്കും അടക്കം കൊവിഡ് ബാധിച്ചിട്ടും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനോ കമ്പനി അടച്ചിടാനോ തയ്യാറാകാതെ വടവാതൂർ എം.ആർ.എഫ് മാനേജ്‌മെന്റ്. തൊഴിലാളികൾക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചിട്ട് പോലും കമ്പനി യാതൊരു വിധ അനുകൂല നടപടികളും സ്വീകരിക്കുന്നില്ല. കൊവിഡ് ബാധ പടർന്നു പിടിച്ചതിനു പിന്നാലെ കമ്പനി അടച്ചിടണമെന്നാവശ്യപ്പെട്ട് യൂണിയനുകൾ മാനേജ്‌മെന്റിനു കത്ത് നൽകിയിരുന്നു.
എന്നിട്ടു പോലും കമ്പനി അധികൃതർ അനൂകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കൊവിഡ് ആദ്യ തരംഗത്തിൽ വടവാതൂർ എം.ആർ.എഫ് ഫാക്ടറിയിൽ നൂറിലേറെ ജീവനക്കാർക്ക് രോഗം ബാധിച്ചിരുന്നു. രോഗം ബാധിച്ച ഒന്നിലധികം ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് മരണവും സംഭവിച്ചിരുന്നു. ഇതിനു ശേഷം തേർഡ് ഐ ന്യൂസ് ലൈവ് നിരന്തരം വാർത്ത നൽകിയതിനെ തുടർന്നാണ് അന്ന് വടവാതൂർ എം.ആർ.എഫ് കമ്പനി അടച്ചിടുന്നതിനുള്ള നടപടി സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ രണ്ടാം തരംഗത്തിൽ ഇതുവരെ 250 പേർക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. ഇത്രത്തോളം ആളുകൾക്ക് രോഗം ബാധിച്ചിട്ട് പോലും കമ്പനി അധികൃതർ യാതൊരു അനൂകൂല നിലപാടുകളും സ്വീകരിക്കുന്നില്ലന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ഒരു പ്രദേശമാകെ രോഗം പടർന്നു പിടിക്കുന്ന സ്ഥിതിയുണ്ടാക്കിയ കമ്പനിയ്‌ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാനും ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ലന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതുവരെയും എം.ആർ.എഫിനെ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായി പോലും പ്രഖ്യാപിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ കർശനമായ നടപടി സ്വീകരിച്ച് രോഗ പ്രതിരോധം ഉറപ്പ് വരുത്തണമെന്നാണ് ഇപ്പോൾ ജീവനക്കാരും ഇവരുടെ യൂണിയനുകളും ആവശ്യപ്പെടുന്നത്.