play-sharp-fill
മരട് മോഡൽ ഫ്‌ളാറ്റുകൾ കോട്ടയം നഗരത്തിലും: അനധികൃതമായി നിർമ്മിച്ച പത്തിലേറെ ഫ്‌ളാറ്റുകൾ കോട്ടയത്തും; പരാതിയുമായി പ്രകൃതി സ്‌നേഹികൾ രംഗത്ത്

മരട് മോഡൽ ഫ്‌ളാറ്റുകൾ കോട്ടയം നഗരത്തിലും: അനധികൃതമായി നിർമ്മിച്ച പത്തിലേറെ ഫ്‌ളാറ്റുകൾ കോട്ടയത്തും; പരാതിയുമായി പ്രകൃതി സ്‌നേഹികൾ രംഗത്ത്

സ്വന്തം ലേഖകൻ
കോട്ടയം: മരട് മോഡലിൽ തണ്ണിർത്തടം നികത്തിയും, പുഴകളുടെ വശങ്ങൾ കയ്യേറിയും ആശാസ്ത്രീയമായി കുന്നിടിച്ച് നിർമ്മിച്ചതുമായി പത്തിലേറെ ഫ്‌ളാറ്റുകൾ നഗരത്തിലെന്ന് കണ്ടെത്തൽ. പ്രകൃതി സ്‌നേഹികൾ നടത്തിയ പരിശോധനയിലാണ് നഗരത്തിൽ ഏഴു വർഷത്തിനിടെ നിർമ്മിച്ച ഫ്‌ളാറ്റുകളിൽ പലതും അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പാടശേഖരങ്ങൾ നികത്തിയും, മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും  കരയിൽ അനധികൃതമായും നിർമ്മിച്ച പല ഫ്‌ളാറ്റുകളുമുണ്ട്. മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി നിർദേശം വന്ന സാഹചര്യത്തിലാണ് ജില്ലയിലെ ഫ്‌ളാറ്റുകളെപ്പറ്റി പ്രകൃതി സ്‌നേഹികളുടെ സംഘടന പഠനം നടത്തിയത്. ഇതോടെയാണ് പല ഫ്‌ളാറ്റുകളും അനധികൃമായാണ് നിർമ്മിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പ്രകൃതി സ്‌നേഹികളുടെ സംഘടന തേർഡ് ഐ ന്യൂസ് ലൈവിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രകൃതി സ്‌നേഹികളുടെ നേതൃത്വത്തിൽ ഈ ഫ്‌ളാറ്റുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ പത്തു വർഷത്തിനിടെ നഗരത്തിൽക്കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകളിൽ പലതും പരസ്യമായി ചട്ടങ്ങൾ ലംഘിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഫ്‌ളാറ്റുകളുടെ അനുബന്ധ രേഖകൾ കണ്ടെത്തുന്നതിനായി നഗരസഭയിലും മറ്റു വകുപ്പുകളിലും വിവരാവകാശ നിയമപ്രകാരം പ്രകൃതി സ്‌നേഹികൾ അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷയ്ക്കു ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിലാവും തുടർ നടപടികളിലേയ്ക്ക് തേർഡ് ഐ ന്യൂസ് ലൈവും പ്രകൃതി സ്‌നേഹികളുടെ സ്ംഘടനയും കടക്കുക. പ്രാഥമിക പരിശോധനയിൽ തന്നെ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് വിവരാവകാശ നിയമപ്രകാരം ഇതിന്റെ ഔദ്യോഗിക രേഖകളും, അനുമതി പത്രങ്ങളും അടക്കം എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഫ്‌ളാറ്റുകൾക്കു അനുമതി നൽകുന്നതിനു വേണ്ടി ലക്ഷങ്ങൾ കൈക്കൂലിയായി ഒഴുകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. നഗരസഭയിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങുന്ന ലോബി തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നഗരത്തിലെ ഫ്‌ളാറ്റ് ലോബിയ്‌ക്കെതിരെ പ്രകൃതി സ്‌നേഹികളുടെ സംഘടന ശക്തമായ നടപടികൾക്കൊരുങ്ങുന്നത്.