
ഡൽഹി: രാജ്യതലസ്ഥാനത്ത് പ്രഭാത നടത്തത്തിനിടെ തന്‍റെ മാല പൊട്ടിച്ചതായി കോണ്‍ഗ്രസ് എം പി സുധാ രാമകൃഷ്ണൻ പൊലീസില്‍ പരാതി നല്‍കി.
തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എം പി രാജാത്തിയോടൊപ്പം ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ ഒരാള്‍ സ്കൂട്ടറില്‍ വന്ന് തന്‍റെ മാല തട്ടിയെടുത്തതായി ദില്ലിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തില്‍ എംപി ചൂണ്ടിക്കാട്ടി.
“പുലർച്ചെ 6.15-നും 6.20-നും ഇടയ്ക്ക് പോളണ്ട് എംബസിയുടെ ഗേറ്റ് 3-നും 4-നും സമീപത്തായിരിക്കുമ്പോള്‍, ഹെല്‍മെറ്റ് ധരിച്ച് മുഖം പൂർണ്ണമായി മറച്ച് സ്കൂട്ടറില്‍ എതിർദിശയില്‍ നിന്ന് വന്ന ഒരാള്‍ എന്‍റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു” പാർലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നിനായി ദില്ലിയിലുള്ള സുധാ രാമകൃഷ്ണൻ പറഞ്ഞു.
“സാധാരണ വേഗതയില്‍ എതിർദിശയില്‍ നിന്ന് വന്നതുകൊണ്ട് ഇയാള്‍ ഒരു മാല പൊട്ടിക്കാനായി വരുന്നതാണെന്ന് സംശയിച്ചില്ല. കഴുത്തില്‍ നിന്ന് മാല വലിച്ചെടുത്തപ്പോള്‍ പരിക്കേല്‍ക്കുകയും ചുരിദാർ കീറുകയും ചെയ്തു. താഴെ വീഴാതെ കഷ്ടിച്ചാണ് പിടിച്ചുനിന്നത്. ഞങ്ങള്‍ രണ്ടുപേരും സഹായത്തിനായി നിലവിളിച്ചു” സുധാ രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ദില്ലി പോലീസിന്റെ മൊബൈല്‍ പട്രോള്‍ വാഹനം കണ്ടപ്പോള്‍ അവരെ വിവരമറിയിച്ചതായും അവർ പറഞ്ഞു. “ഒരു പാർലമെന്‍റ് അംഗമായ സ്ത്രീക്ക്, എംബസികളും സംരക്ഷിത സ്ഥാപനങ്ങളും നിറഞ്ഞ ചാണക്യപുരി പോലുള്ള അതിസുരക്ഷാ മേഖലയില്‍ പോലും സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ല എന്നത് ഞെട്ടിക്കുന്നതാണ്” അമിത് ഷായ്ക്ക് അയച്ച കത്തില്‍ അവർ വ്യക്തമാക്കി.
രാജ്യതലസ്ഥാനത്ത്, ഈ അതീവ പ്രാധാന്യമുള്ള മേഖലയില്‍ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ലെങ്കില്‍ പിന്നെ എവിടെയാണ് നമുക്ക് സുരക്ഷിതത്വം അനുഭവിക്കാനും നമ്മുടെ ജീവനും വസ്തുവകകള്‍ക്കും ഭയമില്ലാതെ നമ്മുടെ ദിനചര്യകള്‍ ചെയ്യാനും കഴിയുക എന്നും അവർ ചോദിച്ചു. “കഴുത്തില്‍ പരിക്കേറ്റു,
നാല് പവനില്‍ അധികം തൂക്കമുള്ള സ്വർണ്ണമാല നഷ്ടപ്പെട്ടു, ഈ ക്രിമിനല്‍ ആക്രമണത്തില്‍ ഞാൻ അതീവ ദുഃഖിതയാണ്,” അവർ കൂട്ടിച്ചേർത്തു. കുറ്റവാളിയെ കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിർദ്ദേശം നല്‍കണമെന്നും തന്‍റെ സ്വർണ്ണമാല വീണ്ടെടുക്കാനും വേഗത്തില്‍ നീതി ലഭ്യമാക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്നും അവർ അമിത് ഷായോട് അഭ്യർത്ഥിച്ചു.