എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം; കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

Spread the love

 

ന്യൂഡൽഹി : പാര്‍ലമെന്‍റ് അതിക്രമത്തില്‍ സര്‍ക്കാര്‍ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി. 13 കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാവീഴ്ചയിലെ പ്രതിഷേധത്തിന്‍റെ പേരില്‍ പാര്‍ലമെന്‍റിലെ ഇരുസഭകളിലുമായി 14 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍നിന്നുള്ള എംപിമാരടക്കമുള്ളവര്‍ക്കെതിരെയാണ് ലോക്‌സഭ സ്പീക്കര്‍ നടപടിയെടുത്തത്.

video
play-sharp-fill

 

 

 

 

 

രാജ്യസഭയില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളനകാലാവധി അവസാനിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. അതേസമയം പാര്‍ലമെന്‍റിലെ സുരക്ഷാവീഴ്ച സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സഭയില്‍ മറുപടി പറയാത്തതിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഷയത്തില്‍ ഇരുവരും സഭയ്ക്ക് പുറത്ത് പ്രതികരിച്ചത് പാര്‍ലമെന്‍റ് എത്തിക്‌സിന് ചേരുന്നതല്ലെന്നുമാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.