തോറ്റ് തുന്നം പാടിയിട്ട് മാസങ്ങളായി: എന്നാലും സർക്കാർ വസതി ഒഴിയാതെ മുൻ എംപിമാർ; 80ഓളം എംപിമാർ ഇപ്പോഴും ഓസിൽ താമസിക്കുന്നു
ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞിട്ടും സർക്കാർ വസതികളിൽ നിന്നും ഒഴിയാതെ കിടക്കുന്നത് 80 ഓളം മുൻ എംപിമാർ. വസതി ഒഴിയാന്‍ മടിക്കുന്ന മുന്‍ എം.പിമാര്‍ക്കെതിരെ പൊതുസ്ഥലം അന്യായമായി കൈയടക്കിവയ്ക്കുന്നത് സംബന്ധിച്ച പബ്ലിക് പ്രിമൈസിസ്(എവിക്ഷന്‍ ഓഫ് അണ്‍ അതോറൈസ്ഡ് ഒകുപന്റ്) ആക്‌ട് പ്രകാരം നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാത്ത 200 ഓളം മുന്‍ എം.പിമാര്‍ക്ക് കഴിഞ്ഞ ഓഗസ്റ്റ് 19ന് സി.ആര്‍ പാട്ടീല്‍ അധ്യക്ഷനായ ലോക്‌സഭാ ഹൗസിങ് കമ്മിറ്റി നോട്ടിസ് നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വസ്തുവകകളും എടുത്ത് വസതി ഒഴിയണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കുടിയിറക്കല്‍ നോട്ടിസ് നല്‍കിയതിന് പിന്നാലെ വസതികളിലേക്കുള്ള വൈദ്യുതി, വെള്ളം, പാചകവാതകം എന്നിവയുടെ വിതരണം നിര്‍ത്തിവയ്ക്കാനും ഉത്തരവിടുകയുണ്ടായി.
നോട്ടിസ് ലഭിച്ചതോടെ ഭൂരിഭാഗം മുന്‍ എം.പിമാരും വസതി ഒഴിഞ്ഞു. എന്നാല്‍, നോട്ടിസ് നല്‍കി മൂന്നാഴ്ച പിന്നിട്ടിട്ടും 82 എം.പിമാര്‍ വസതി ഒഴിയാതെ കൈയടക്കിവച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും ഒഴിഞ്ഞുപോകാത്തവര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്നും ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയംഗം പറഞ്ഞു.
2014ല്‍ നല്‍കിയ ബംഗ്ലാവുകളാണ് ഒഴിയാതിരിക്കുന്നത്. ലോക്‌സഭാ കാലാവധി പൂര്‍ത്തിയായി ഒരുമാസത്തിനുള്ളില്‍ വസതി ഒഴിയണമെന്നാണ് ചട്ടം. മെയ് 25നാണ് കഴിഞ്ഞ ലോക്‌സഭയുടെ കാലാവധി അവസാനിച്ചത്. ഇതുപ്രകാരം ജൂണ്‍ 25ന് മുന്‍പ് തന്നെ വസതികള്‍ ഒഴിയേണ്ടതായിരുന്നു. ഇവര്‍ വസതി ഉപേക്ഷിക്കാത്തത് കാരണം ചില എം.പിമാര്‍ക്ക് ഇതുവരെ താമസ സൗകര്യം ലഭ്യമായിട്ടില്ല. താല്‍ക്കാലിക സൗകര്യങ്ങളിലാണ് അവര്‍ ഇപ്പോഴും കഴിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group