മോഷണ കേസിലെ പ്രതിയെ പോലീസ് പിന്തുടർന്നപ്പോൾ കാറില്‍ കുട്ടികളെ പൂട്ടിയിട്ടശേഷം രക്ഷപ്പെട്ടു: സംഭവം ഇടുക്കിയിൽ

Spread the love

ഇടുക്കി: മോഷണക്കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവ് പോലീസിനെ കബളിപ്പിച്ച്‌ ഓടിരക്ഷപ്പെട്ടു. പോലീസ് ജീപ്പ് പിന്തുടർന്നതോടെ, കാറില്‍ കുട്ടികളെ പൂട്ടിയിട്ടശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളില്‍ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്.

കേസില്‍ വാറന്റിറങ്ങിയിട്ട് വർഷങ്ങളായി. കഴിഞ്ഞദിവസമാണ് ഇത് കാഞ്ഞാർ പോലീസിന് ലഭിച്ചത്. അന്വേഷണത്തില്‍, ശ്രീജിത്ത് അറക്കുളം കാവുംപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന വിവരം അറിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ എസ്‌ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് അവിടെ ചെന്നു.

ഇവരെ കണ്ടയുടൻ ഊടുവഴിയിലുടെ ഇയാള്‍ കാറുമായി പാഞ്ഞു. ഇയാളുടെ രണ്ടുമക്കളും കാറിലുണ്ടായിരുന്നു. ഒടുവില്‍, വഴി തീർന്നിടത്ത് കുട്ടികളെ കാറില്‍ പൂട്ടിയിട്ടശേഷം താക്കോലുമായി ഇയാള്‍ ഓടിപ്പോയി.പിന്നാലെയെത്തിയ പോലീസ്, കാറിലിരുന്ന് നിലവിളിക്കുന്ന കുട്ടികളെയാണ് കണ്ടത്.

കൊച്ചുകുട്ടികളായിരുന്നതിനാല്‍ തനിയെ കാറിന്റെ വാതില്‍ തുറക്കാൻ അറിയില്ലായിരുന്നു. വാഹനനമ്പർവെച്ച്‌ അന്വേഷിച്ചപ്പോള്‍ ശ്രീജിത്തിന്റെ ഭാര്യയുടെ പേരും ഫോണ്‍ നമ്പരും കിട്ടി. അവർ, വീട്ടിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കാറിനടുത്ത് എത്തിച്ചു. അതുപയോഗിച്ച്‌ കാർ തുറന്ന് കുട്ടികളെ പുറത്തെത്തിച്ചു. റോഡരികിലെ കമ്പികളും പൈപ്പുകളും മോഷ്ടിച്ച്‌ കടത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഇയാള്‍ക്കെതിരായ കേസുകളെല്ലാമെന്ന് പോലീസ് പറഞ്ഞു.