മൊസംബിക് തീരത്തെ ബോട്ടപകടം; മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം; കാണാതായ അഞ്ച് പേരില്‍ മലയാളിയും

Spread the love

ന്യൂഡൽഹി : മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം അഞ്ചുപേരെ കാണാതായി

video
play-sharp-fill

മൊസംബിക് സമയം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. എണ്ണ ടാങ്കറിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന സ്‌കോര്‍പിയോ മറൈന്‍ മാനേജ്‌മെന്റ് കമ്പനിയുടെ ലോഞ്ച് ബോട്ടാണ് അപകടത്തില്‍പെട്ടത്. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ ഏഴ് പേര്‍ ബോട്ട് ജീവനക്കാരാണ്. ഇതില്‍ 14 പേര്‍ ഇന്ത്യാക്കാരാണെന്ന വിവരമുണ്ട്.

ഇലക്ട്രോ-ടെക്നിക്കല്‍ ഓഫീസര്‍ ശ്രീരാഗ് രാധാകൃഷ്ണന്‍, ബോസന്‍ തരകേശ്വര റാവു, ഏബിള്‍ സീമാന്‍ സൈലേഷ്‌കുമാര്‍ സോളങ്കി, ഏബിള്‍ സീമാന്‍ മുബീന്‍ കോരുഹാജിഗെ അതിരിഗെ, ചീഫ് കുക്ക് നന്ദന്‍ സിംഗ് എന്നിവരെയാണ് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്കന്‍ഡ് ഓഫീസര്‍ അങ്കിത് കുമാര്‍, തേര്‍ഡ് ഓഫീസര്‍ ശ്രീരാഗ് തയ്യില്‍ പുറപ്പൊടി, പമ്പ്മാന്‍ സുനില്‍കുമാര്‍ ടാന്‍ഡേല്‍, ഓയിലര്‍ അസിം മുക്കാടം, ഏബിള്‍ സീമാന്‍ നരേന്ദ്ര ബെഹറ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഓര്‍ഡിനറി സീമാന്‍ റൂബന്‍ രായര്‍, ഓര്‍ഡിനറി സീമാന്‍ മോഹന്‍ സിംഗ് ശെഖാവത്ത് എന്നിവരെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്.

പ്രാദേശികസമയം ഒക്ടോബര്‍ 16-ന് രാവിലെ, എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കപ്പലില്‍ പുതുതായി ജോലിക്ക് പ്രവേശിക്കുന്ന ജീവനക്കാരെ എത്തിക്കുന്നതിനിടെ കപ്പലിന്റെ സമീപത്ത് വെച്ച് ബോട്ട് അപ്രതീക്ഷിതമായി മറിയുകയായിരുന്നു.

മാര്‍ഷല്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലാണിത്. അതിനാല്‍ മുംബൈയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) വിവരം മാര്‍ഷല്‍ ദ്വീപുകളുടെ മാരിടൈം അഡ്മിനിസ്ട്രേഷനെ ഔദ്യോഗികമായി അറിയിച്ചു. എന്തുകൊണ്ടാണ് ബോട്ട് മറിഞ്ഞതെന്ന് വ്യക്തമല്ല.

അപകട സമയത്ത് തെളിഞ്ഞ, ശാന്തമായ കാലാവസ്ഥയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഇന്ത്യയുമായി പങ്കുവെക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്‍ മാര്‍ഷല്‍ ദ്വീപുകളുടെ മാരിടൈം അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.