
കോട്ടയം: വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ അകറ്റി വായ്ക്ക് ഫ്രഷ്‌നസ് നല്‍കുന്ന ഒന്നാണ് മാത്ത് വാഷ്. എന്നാല്‍ ദിവസത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ആന്റി-ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
സാൻ ജുവാൻ ഓവർവെയ്റ്റ് അഡല്‍റ്റ്സ് ലോഞ്ചിറ്റ്യൂഡിനല്‍ സ്റ്റഡിയില്‍ 40 മുതല്‍ 65 വയസുവരെ പ്രായമായ 945 പേരാണ് ഭാഗമായത്.ദിവസവും രണ്ടു തവണയോ അതില്‍ കൂടുതലോ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യത 49 ശതമാനം മുതല്‍ 55 ശതമാനം വരെ കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി.
പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങള്‍ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഗവേഷകർ വിശദീകരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നവരില്‍ താരതമ്യേന ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. നമ്മുടെ വായയില്‍ നൂറുകണക്കിന് ബാക്ടീരിയകളുണ്ട്. ഇതില്‍ നല്ല ബാക്ടീരിയകളും ഉള്‍പ്പെടുന്നു. ഇത് ഭക്ഷണത്തിലെ നൈട്രേറ്റുകളെ നൈട്രൈറ്റുകളായി മാറ്റുന്നു. ഈ നൈട്രൈറ്റുകള്‍ പിന്നീട് നൈട്രിക് ഓക്സൈഡ് ആയി മാറുകയും രക്തസമ്മർദം നിയന്ത്രിക്കാനും ശരീരത്തിലെ മെറ്റബോളിസം ശരിയായി നടക്കാനും സഹായിക്കുന്നു.
ആന്റിബാക്ടീരിയല്‍ മൗത്ത് വാഷുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ദോഷകരമായ ബാക്ടീരിയകള്‍ക്കൊപ്പം ഈ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്നും ഗവേഷകർ പറയുന്നു.




