
വായിലെ കാൻസറിന് കാരണമെന്ത്?; പ്രാരംഭ ഘട്ടത്തിലുണ്ടാകുന്ന ലക്ഷണങ്ങള്‍ അവഗണിക്കരുത് ; കാരണങ്ങൾ, ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം
വായിലെ കാൻസർ വളരെയധികം അപകടകാരിയാണ്. പ്രാരംഭ ഘട്ടത്തിലുണ്ടാകുന്ന ലക്ഷണങ്ങള്‍ അവഗണിക്കുന്നത് രോഗത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ സ്വീകരിക്കുന്നതിലൂടെ അപകട സാധ്യത കുറയ്ക്കാനാകും.
എന്താണ് വായിലെ കാൻസർ?
വായിലെ കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ് വായിലെ കാൻസർ കൊണ്ട് അർത്ഥമാക്കുന്നത്. ഇത് നാവ്, മോണ, കവിള്‍, ചുണ്ടുകള്‍, തൊണ്ട തുടങ്ങിയ ഭാഗങ്ങളെ കൂടുതല്‍ ബാധിച്ചേക്കാം. വായിലെ കാൻസർ പലപ്പോഴും തല, കഴുത്ത് അർബുദങ്ങളുടെ വിഭാഗത്തില്‍ പെടുന്നു. ചികിത്സിക്കാതെ വിടുകയോ വൈകി കണ്ടെത്തുകയോ ചെയ്താല്‍ അത് ജീവന് വരെ ഭീഷണിയാകാം. തുടക്കത്തില്‍, വായിലെ കാൻസർ ഒരു വ്രണം, പാട് അല്ലെങ്കില്‍ ഒരു മുഴ പോലെ പ്രത്യക്ഷപ്പെടാം. അത് നിരുപദ്രവകരമാണെന്ന് തോന്നും. പക്ഷേ, കാലക്രമേണ, ഇത് കഠിനമായ വേദന, ഭക്ഷണം കഴിക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും. വായിലെ കാൻസർ ആരെയും ബാധിക്കാം. എന്നിരുന്നാലും, മദ്യം, പുകയില എന്നിവ ഉപയോഗിക്കുന്നവരിലും, HPV അണുബാധിതരിലും രോഗ സാധ്യത കൂടുതലാണ്. അതിനാല്‍, സമയബന്ധിതമായ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി പതിവായി ദന്ത പരിശോധനകള്‍ക്ക് വിധേയരാകാൻ ശ്രദ്ധിക്കണം.
വായിലെ കാൻസറിനുള്ള കാരണങ്ങള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായിലെ കാൻസറിന് പ്രധാന കാരണം ചില ശീലങ്ങളാണ്. പുക വലിക്കുന്നത്, പുകയില ചവയ്ക്കുന്നത് തുടങ്ങിയ പുകയില ഉപയോഗമാണ് പലരിലും വായിലെ അർബുദത്തിന് പ്രധാന കാരണങ്ങളിലൊന്ന്. അമിതമായ മദ്യപാനവും അപകടകരമാണ്. പുകവലിയും മദ്യപാനവും കൂടുന്നത് അപകടസാധ്യത ഗണ്യമായി വർധിപ്പിക്കും. എച്ച്.പി.വിയും (ഹ്യൂമൻ പാപ്പിലോമ വൈറസ്) മറ്റൊരു പ്രധാന ഘടകമാണ്. സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതും എച്ച്.പി.വിയ്‌ക്കെതിരെ വാക്‌സിനേഷൻ എടുക്കുന്നതും ഒരു പരിധി വരെ വായിലെ കാൻസർ സാധ്യത കുറയ്ക്കുന്നു.
വായിലെ കാൻസറിന്റെ ലക്ഷണങ്ങള്‍
വായില്‍ തുടർച്ചയായി ഉണ്ടാകുന്ന ഉണങ്ങാത്ത വ്രണങ്ങള്‍, വായ്ക്കുള്ളില്‍ ചുവപ്പോ വെള്ളയോ പാടുകള്‍, വിശദീകരിക്കാനാകാത്ത വേദനയോ അകാരണമായ രക്തസ്രാവമോ, വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക, ചവയ്ക്കാനോ വിഴുങ്ങാനോ ഉള്ള ബുദ്ധിമുട്ട്, വിട്ടുമാറാത്ത തൊണ്ടവേദന, വായില്‍ മരവിപ്പ്, വിട്ടുമാറാത്ത വായ്‌നാറ്റം, അയഞ്ഞ പല്ലുകള്‍, താടിയെല്ലിന്റെ കാഠിന്യം, ചെവി വേദന, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയ വായിലെ കാൻസറിന്റെ ലക്ഷണങ്ങളാണ്.
ചികിത്സ
വായിലെ കാൻസറിന് അതിന്റെ ഘട്ടമനുസരിച്ച് വ്യത്യാസമുണ്ടാകാം. സാധാരണയായി, ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ആദ്യപടിയായി ശസ്ത്രക്രിയയാണ് കണക്കാക്കുന്നത്. തുടർന്ന് ശരീരത്തിലെ ശേഷിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ റേഡിയേഷൻ തെറാപ്പി നടത്തുന്നു. കൂടുതല്‍ പടരുന്നത് തടയാൻ ചിലർക്ക് റേഡിയേഷനോടൊപ്പം കീമോതെറാപ്പിയും ആവശ്യമായി വന്നേക്കാം. പുകവലിയും മദ്യവും ഉപേക്ഷിക്കുക, ശുചിത്വം പാലിക്കുക, സമീകൃതാഹാരം കഴിക്കുക എന്നിവ കാൻസറിനെ തടയാൻ നിങ്ങളെ സഹായിക്കും.