
കോട്ടയം: 93 വർഷത്തെ ചരിത്രത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പവർലിഫ്റ്റിങ് മത്സരത്തിലും സുവർണ നേട്ടം കൈവരിച്ചിരിക്കുകയാണ്.
സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ റോജി റോസ് മാത്യുവിന്റെ ദൃഢനിശ്ചയവും ആത്മസമർപ്പണത്തോടെ ഉള്ള പ്രവർത്തനമാണ് സ്കൂൾ പവർലിഫ്റ്റിങ് ടീമിന്റെ പിറവിക്ക് തുടക്കം കുറിക്കാൻ കാരണം.
പ്രിൻസിപ്പൽ ടി.പി.മേരി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്ൻ എന്നിവരുടെ പ്രോത്സാഹനം കൂടെ ആയപ്പോൾ സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗമായി കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ പവർലിഫ്റ്റിങ് മത്സരത്തിൽ മൗണ്ട് കാർമൽ സ്കൂൾ ആറു മെഡലുകൾ നാലു സ്വർണ്ണവും രണ്ട് വെള്ളിയും നേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കളത്തിപ്പടിയിലെ സോളമൻസ് ജിം ഫിറ്റ്നസ് സെൻ്റർ ആൻഡ് സ്പോർട്സ് ക്ളബ്ബിൽ ദേശീയ പവർലിഫ്റ്റിങ് താരങ്ങളായ സോളമൻ തോമസ് ക്രിസ്റ്റി സോളമൻ ദമ്പതികളുടെ കീഴിൽ പരിശീലനം നേടിയ മൗണ്ട് കാർമലിന്റെ പെൺകരുത്താണ് ഈ നേട്ടം കൈവരിച്ചത്.
സ്വർണ്ണം നേടിയവർ : 63 കിലോ വിഭാഗം ഇറഞ്ഞാൽ, കവിളുംപുറത്ത് വീട്ടിൽ കെ.എ.ബിജുമോന്റെയും ജെ.സ്മിതയുടെയും മകൾ അന്നറ്റ് റോസ് ബിജു, പ്ലസ് വൺ. 72 കിലോ വിഭാഗം കളത്തിപ്പടി പാറേപ്പറമ്പിൽ വീട്ടിൽ സജീവ് കുര്യന്റെയും പി.ആർ.രാജിമോളുടെയും മകൾ കെസിയ സജീവ്, പത്താംക്ളാസ്. 84 കിലോ വിഭാഗം നട്ടാശ്ശേരി, എടാട്ട് ആലപ്പാട്ട് വീട്ടിൽ എസ്.മുത്തുവിന്റെയും ആർ.റാണിയുടെയും മകൾ എം.മാളവിക, പ്ലസ് ടു. 84പ്ലസ് കിലോ വിഭാഗം പാറമ്പുഴ, കൊശമറ്റം കോളനിയിൽ പി.കനകരാജിന്റെയും കെ.മുത്തുമാരിയുടെയും മകൾbകെ.കനിക്ഷാ ദേവി, പ്ലസ് ടു.
വെള്ളി മെഡൽ നേടിയവർ: 47 കിലോ വിഭാഗം ഹരിപ്പാട്, നീണപറമ്പിൽ വീട്ടിൽ ബാബു സാമുവലിന്റെയും ഷീബ ബാബുവിന്റെയും മകൾ അഖിന എം ബാബു, പ്ലസ് ടു. 57 കിലോ വിഭാഗം മുള്ളൻ കുഴി, അനിൽഭവനിൽ
എ.എസ്.അരുൺകുമാറിന്റെയും വി.കെ.സരിതയുടെയും മകൾ അരുണിമ അരുൺകുമാർ, ഒൻപതാം ക്ളാസ്.
ഒരാഴ്ച മുൻപ് കളത്തിപ്പടി സോളമൻസ് ജിമ്മിൽ നടന്ന കോട്ടയം ഈസ്റ്റ് സബ് ജില്ലാ പവർലിഫ്റ്റിങ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിലെ എട്ട് കാറ്റഗറിയിലും മത്സരിച്ച മൗണ്ട് കാർമലിന്റെ എട്ടു പേരും വിജയം നേടി ആണ് പവർലിഫ്റ്റിങിൽ സ്കൂൾ ടീമിന്റെ വരവ് അറിയിച്ചത്.
റവന്യൂ ജില്ലാ മത്സരത്തിൽ വിജയിച്ച് സ്വർണ്ണ മെഡൽ നേടിയ നാലുപേരും അടുത്ത് തന്നെ തിരുവനന്തപുരത്ത് നടക്കാൻ പോകുന്ന സംസ്ഥാന പവർലിഫ്റ്റിങ് മത്സരത്തിനായി കളത്തിപ്പടി സോളമൻസ് ജിമ്മിൽ പരിശീലനത്തിലുമാണ്.