play-sharp-fill
പിഴയ്ക്ക് പിഴച്ചു: മോട്ടോർ വാഹന വകുപ്പ് അനാവശ്യമായി ഈടാക്കിയ നികുതി തിരികെ നൽകാൻ ഉത്തരവ്

പിഴയ്ക്ക് പിഴച്ചു: മോട്ടോർ വാഹന വകുപ്പ് അനാവശ്യമായി ഈടാക്കിയ നികുതി തിരികെ നൽകാൻ ഉത്തരവ്

സ്വന്തം ലേഖകൻ

മലപ്പുറം: വാഹന നികുതിയുടെ  പിഴ ചുമത്തിയതിൽ മോട്ടോർ വാഹന വകുപ്പിന് പിഴച്ചതോടെ , പിഴ തുക തിരികെ നൽകാൻ ഉത്തരവ്. വാഹനനികുതി അടച്ചപ്പോള്‍ അനാവശ്യമായി പിഴ ഈടാക്കിയതിനെതിരേ വാഹന ഉടമയാണ് പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ മോട്ടോര്‍വാഹന വകുപ്പ് വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതിയാണ് ഉത്തരവിട്ടത്. തവനൂര്‍ മൈനാകം മുരളീധരന്‍ നല്‍കിയ പരാതിയില്‍ മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് 2372 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചത്.

പരാതിക്കാരന്റെ ടാക്സി വാഹനത്തിന് ജൂലായ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലെ നികുതി 3720 രൂപയാണ്. പിഴ കൂടാതെ ജൂലായ് 15 വരെ നികുതി സ്വീകരിക്കാമെന്നിരിക്കെ അക്ഷയകേന്ദ്രം വഴി നികുതി അടച്ചപ്പോള്‍ 10 ശതമാനം പിഴയുള്‍പ്പെടെ 4092 രൂപ ഈടാക്കിയെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാനദിവസത്തിനുമുമ്പുള്ള രണ്ടുദിവസം അവധിയായതിനാലാണ് പ്രസ്തുത തീയതിക്കുമുമ്പ് നികുതി അടയ്ക്കാന്‍ സാധിക്കാത്തതെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

പിഴചുമത്തിയത് നിയമവിധേയമാണോ എന്ന് പൊന്നാനിയിലെ ജോയിന്റ് ആര്‍.ടി.ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്നും ഇല്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് വിവരാവകാശനിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പിഴ ഒടുക്കേണ്ടതില്ലെന്ന മറുപടിയും ലഭിച്ചു. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

രണ്ട് സിറ്റിങ്ങുകള്‍ക്കും പ്രതിഭാഗം ഹാജരാകാത്തതിനെത്തുടര്‍ന്ന് പിഴയായി ഈടാക്കിയ 372 രൂപ തിരികെ നല്‍കാനും അനധികൃതമായി പിഴ ഈടാക്കിയതിന് 1000 രൂപയും പരാതിക്കാരനുണ്ടായ മാനസിക പ്രയാസത്തിനും കോടതിച്ചെലവുകളുകള്‍ക്കുമായി 1000 രൂപയും ഉള്‍പ്പെടെ 2372 രൂപ ഒരുമാസത്തിനകം നല്‍കാനാണ് വിധിച്ചത്.