കാള പെറ്റെന്ന് കേട്ടപ്പഴേ കയറെടുത്ത് ചാടിയതാണ് പ്രശ്‌നമായത് ; നാടക സമിതിയുടെ വാഹനത്തിന് ചുമത്തിയ 24000 രൂപ പിഴയല്ല , സ്‌ക്വയർ സെന്റി മീറ്ററാണ് ; വിവാദങ്ങൾക്ക് മറുപടിയുമായി വാഹന വകുപ്പ് ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ
തൃശൂർ: കഴിഞ്ഞ ദിവസം നാടക സമിതിയുടെ വാഹനത്തിലെ ബോർഡ് അളന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 24,000 രൂപ പിഴ ഈടാക്കിയെന്ന സംഭവം വൻവിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ വിവാദങ്ങൾക്ക് വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ് അധികൃതർ രംഗത്ത് വന്നിരിക്കുകയാണ്. നാടകസമിതി വാഹനത്തിന് ഈടക്കിയ 24,000 എന്നത് പിഴ തുകയല്ല, മറിച്ച് ബോർഡിെന്റ വലുപ്പമായ 24,000 ചതുരശ്ര സെന്റി മീറ്ററാെണന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വാഹനത്തിന് ഇത്രയധികം പിഴ ഈടക്കിയത് സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടർന്ന് സംഭവത്തെകുറിച്ച് അന്വേഷിക്കാൻ ഗതാഗത മന്ത്രി ഉത്തരവിട്ടു. എന്നാൽ, കാള പെറ്റെന്ന് കേട്ട് കയറെടുത്ത് ചാടിയതുകൊണ്ടാണ് വിവാദമുണ്ടായതെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാവക്കാട് ബ്ലാങ്ങാട് നാടകമവതരിപ്പിക്കാൻ പോയ ആലുവ അശ്വതി നാടകസമിതിയുടെ വാഹനം ചേറ്റുവ പാലത്തിനു സമീപം തടഞ്ഞ് പരിശോധന നടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വാഹനത്തിലെ നെയിം ബോർഡിെന്റ വലുപ്പം കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയ ഉദ്യോഗസ്ഥർ 24,000 രൂപ പിഴയിട്ടു എന്നായിരുന്നു പ്രചരിച്ച വാർത്ത. നാടകം കളിച്ചാൽ സംഘത്തിനു കിട്ടുന്നതാകട്ടെ 26,000 രൂപയും.തൃപ്രയാർ മോട്ടോർ വാഹന വകുപ്പ് അധികൃതർ ആലുവ അശ്വതി നാടക സമിതിക്ക് നൽകിയ നോട്ടീസ്. 24,000 സ്‌ക്വയർ സെന്റി മീറ്റർ എന്ന് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നു
വാഹനത്തിെന്റ മുന്നിലും പിന്നിലുമായി പ്രദർശിപ്പിച്ച ‘ആലുവ അശ്വതി’ എന്ന ബോർഡിന് 160 സെ.മീറ്റർ നീളവും 150 സെ.മീ വീതിയുമുണ്ട്. 24,000 ച. സെന്റീമീറ്റർ വരുന്ന നെയിം ബോർഡിെന്റ പരസ്യ ചാർജ് അടച്ചതിെന്റ രേഖകൾ ഹാജരാക്കിയിട്ടില്ല. ഇത് മോട്ടോർ വാഹന ചട്ടം 191െന്റ ലംഘനമാണ്. പരസ്യ ചാർജ് ഈടാക്കണം; ഇതാണ് ചാർജ് ഷീറ്റിൽ പറഞ്ഞത്. ആറു മാസക്കാലത്തെ പരസ്യ ചാർജ് പരമാവധി 2400 രൂപയാണ്. പരാതിയുണ്ടെങ്കിൽ 14 ദിവസത്തിനകം ബോധിപ്പിക്കാം മോട്ടോർ വാഹന വകുപ്പ് വിശദീകരിക്കുന്നു.
അതിനിടെ, തൃശൂർ ആർ.ടി.ഒയോട് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചു. പിഴ സംഭവത്തിൽ പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി അശോകൻ ചരുവിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.