
മാവേലിക്കര : ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു കോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
ചെട്ടികുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനം കെ ജെ സിനി (സിനി എസ് പിള്ള – 47), മകന്‍ അനന്തകൃഷ്ണന്‍ (അനന്തു – 23), കരുനാഗപ്പള്ളി കൊല്ലക വടക്കുംതല മൂന്ന് സെന്റ് കോളനി രുദ്രാക്ഷ് (കുക്കു – 27) എന്നിവരെയാണ് അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.
അനന്തകൃഷ്ണന് ജോലിക്ക് വേണ്ടി സിനി പലപ്പോഴായി മൂന്നര ലക്ഷം രൂപ കേസിലെ മുഖ്യപ്രതി വി വിനീഷ് രാജിന് നല്‍കിയിരുന്നു.
വിനീഷ് നല്‍കിയ വ്യാജ നിയമന ഉത്തരവ് കാണിച്ച് മറ്റ് പലരെയും ജോലി ലഭിക്കുമെന്നു സിനി വിശ്വസിപ്പിച്ചു. ഇപ്രകാരം 20 പേരില്‍ നിന്നായി ലക്ഷക്കണക്കിനു രൂപ അമ്മയും മകനും പിരിച്ചെടുത്തു വിനീഷിനു കൈമാറി കമ്മിഷന്‍ കൈപ്പറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം സ്വദേശി വിഷ്ണു നല്‍കിയ പരാതിയില്‍ പേര് പരാമര്‍ശിക്കപ്പെട്ട ആളാണു രുദ്രാക്ഷ്. തട്ടിപ്പിന്റെ മുഖ്യ ഏജന്റ് കൊല്ലം സ്വദേശി ഫെബിന്‍ ചാള്‍സ്, മുഖ്യപ്രതി വിനീഷ് രാജ് എന്നിവരെ പരിചയപ്പെടുത്തിയത് രുദ്രാക്ഷ് ആണെന്നു വിഷ്ണു മൊഴി നല്‍കിയിരുന്നു.
ഇതെത്തുടര്‍ന്നാണ് രുദ്രാക്ഷിനെ അറസ്റ്റ് ചെയ്തത്. ആറ് പേരില്‍ നിന്നായി 75 ലക്ഷം രൂപ രുദ്രാക്ഷ് കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത 52 കേസുകളിലായി മൊത്തം നാലരക്കോടി രൂപയുടെ തട്ടിപ്പാണു ഇതുവരെ പുറത്തു വന്നത്. വി വിനീഷ് രാജ് (32), പി രാജേഷ് (34), വി അരുണ്‍ (24), അനീഷ് (24), എസ് ആദിത്യന്‍ (ആദി–22), സന്തോഷ് കുമാര്‍ (52), ബിന്ദു (43), വൈശാഖ് (24), സി ആര്‍ അഖില്‍ (കണ്ണന്‍–24), ഫെബിന്‍ ചാള്‍സ് (23) എന്നിവരാണു നേരത്തെ അറസ്റ്റിലായത്.