
കണ്ണൂർ: ഒന്നാം ക്ലാസുകാരനായ ഒരു കൊച്ചു മിടുക്കൻ മുഖ്യ മന്ത്രിക്ക് എഴുതിയ കത്തിൽ തൻ്റെ സങ്കടം പറയുകയാണ്. അമ്മക്ക് ശമ്പളം കിട്ടാത്തതും അതു കൊണ്ട് അവൻ ആഗ്രഹിക്കുന്നത് കിട്ടാത്തതുമാണ് അവനു പറയാനുള്ളത്.
അധ്യാപികയായ അമ്മയ്ക്ക് ശമ്പളം കിട്ടാത്തതു കാരണം എനിക്ക് കളിപ്പാട്ടം വാങ്ങിത്തരാൻ പോലും അമ്മയ്ക്ക് കഴിയുന്നില്ലെന്നും വേഗം ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും കാണിച്ച് ഒന്നാം ക്ലാസുകാരൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
കരിപ്പാല്‍ എസ്വിയുപി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥി ഏദൻ ജോസഫ് ആണ് തന്റെ സങ്കടം കത്തിലൂടെ മൂഖ്യമന്ത്രിയെ അറിയിച്ചത്. ഏദന്റെ അമ്മ മൂന്നു വർഷമായി കരിപ്പാല്‍ എസ്വിയുപി സ്കൂളില്‍ അധ്യാപികയാണെങ്കിലും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏദൻ ജോസഫ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. പ്രിയപ്പെട്ട മുഖ്യമന്ത്രി എന്ന് അഭിസംബോധന ചെയ്താണ് കത്താരംഭിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“അമ്മ കുറെ നാളായി സ്കൂളില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഞാൻ എന്തെങ്കിലും വാങ്ങിത്തരാൻ പറയുമ്പോള്‍ പറയും ശമ്പളം കിട്ടട്ടെ എന്ന്. എപ്പഴാ ശമ്പളം കിട്ടുന്നത് എന്നു ചോദിച്ചപ്പോള്‍ അറിയില്ല എന്നു പറഞ്ഞു. ഒരു മോണ്സറ്റർ ട്രക്ക് ടോയി വേണമെന്ന് കുറെ നാളായി ഞാൻ ആഗ്രഹിക്കുന്നു. അതിന് ആയിരം രൂപയാണെന്ന് അമ്മ പറഞ്ഞു. അച്ചയ്ക്കും പൈസയില്ല എന്നു പറഞ്ഞു. അതു കൊണ്ട് അമ്മയ്ക്ക് വേഗം ശമ്പളം കൊടുക്കൂ. പ്ലീസ്” എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്