അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം: നാട്ടുകാർ വിവരം അറിഞ്ഞത് കുഴിച്ചിട്ട മൃതദേഹത്തിൻ്റെ കാല് പുറത്തു കണ്ടതോടെ; മൃതദേഹം കുഴിച്ചിട്ടത് ശ്മശാനത്തില്‍ കൊടുക്കാന്‍ കാശില്ലാത്തതു കൊണ്ടെന്ന് മകൻ; കസ്റ്റഡിയിലെടുത്ത മകനെ പോലീസ് വിട്ടയക്കും

Spread the love

കൊച്ചി: കൊച്ചി വെണ്ണലയില്‍ അമ്മയുടെ മൃതദേഹം നാട്ടുകാരും ബന്ധുക്കളുമറിയാതെ മകന്‍ കുഴിച്ചിട്ട സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മകന്‍ പ്രദീപിനെ വിട്ടയക്കും. പോലീസ് എത്തുമ്പോൾ മദ്യലഹരിയിലായിരുന്ന മകൻ അമ്മ പുലര്‍ച്ചെ മരിച്ചെന്നും ശ്മശാനത്തില്‍ കൊടുക്കാന്‍ കാശില്ലാത്തതു കൊണ്ട് മൃതദേഹം കുഴിച്ചിട്ടെന്നും പോലീസിനോട് പറഞ്ഞു.

video
play-sharp-fill

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തി. വെണ്ണല സ്വദേശിനി അല്ലിയെന്ന എഴുപതുകാരിയുടേത് സ്വാഭാവിക മരണമെന്നാണ് പോലീസ് കണ്ടെത്തല്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് വീട്ടു മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ അമ്മയുടെ മൃതദേഹം മകന്‍ കുഴിച്ചിട്ട വിവരം പുറത്തറിഞ്ഞത്.

കുഴിച്ചിട്ട മൃതദേഹത്തിന്‍റെ കാല് പുറത്തു കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തുമ്പോള്‍ മദ്യലഹരിയിലായിരുന്നു മകന്‍ പ്രദീപ്. പൊലീസ് കുഴി തുറന്ന് മൃതദേഹം പുറത്തെടുത്തു. അമ്മയെ മകന്‍ കൊന്നു കുഴിച്ചിട്ടതാകാമെന്ന അഭ്യൂഹം നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പശ്ചാത്തലത്തില്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. പോസ്റ്റ് മോര്‍ട്ടത്തിലാണ് മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് വ്യക്തമായത്. രൂക്ഷമായ പ്രമേഹം ബാധിച്ചിരുന്ന അല്ലിയുടേത് സ്വാഭാവിക മരണമെന്നാണ് നിലവിലെ കണ്ടെത്തല്‍. അല്ലിയുടെ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം കൂടി വന്ന ശേഷമേ കേസന്വേഷണം ഔദ്യോഗികമായി പൂര്‍ത്തിയാകൂ.