video
play-sharp-fill
മകനെ തേടി കിലോമീറ്ററുകൾ കടന്നൊരു അമ്മ: ആഗ്രഹം ഒന്നു മാത്രം അവനെ ഒന്നു കാണണം

മകനെ തേടി കിലോമീറ്ററുകൾ കടന്നൊരു അമ്മ: ആഗ്രഹം ഒന്നു മാത്രം അവനെ ഒന്നു കാണണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആ അമ്മ മനം ഉരുകുകയാണ്. വാർധക്യത്തിന്റെ അവശതയിൽ എത്തിയപ്പോഴാണ് അമ്മയ്ക്ക് മകനെയൊന്നു കാണണമെന്ന് തോന്നിയത്. ഉറ്റവർ ആരുമില്ലാതെ അനാഥരായപ്പോൾ, ഏതൊരു അമ്മയും ആഗ്രഹിക്കുന്നതു പോലെ മകന്റെ തണൽ അവരും ആഗ്രഹിച്ചിരുന്നു. പക്ഷേ, അവൻ എവിടെ അത് മാത്രം അറിയില്ല. അത് തേടിയാണ് അവർ കൊയിലാണ്ടിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്.
അതിനായി ഇവിടെ എത്താൻ ഇവർക്കു പ്രേരണയായത്, മകനെ ഒരു കുഞ്ഞിനൊപ്പം തലസ്ഥാനത്തു കണ്ടതായി ഒരു കൊയിലാണ്ടി സ്വദേശി നൽകിയ വിവരം. അതിന്റെ ചുവട് പിടിച്ച് ഇവിടെയെത്തിയ അമ്മ കയ്യിൽ പണമില്ലാതെ റെയിൽവേ സ്റ്റേഷനിൽ മകനെയും കാത്തിരുന്നു. കൊയിലാണ്ടി മുജുകുന്ന് പാലാടിമീത്ത് ജാനകിയാണു(72) മകനെ തേടി അലയുന്നത്.
നാലു ദിവസം കാത്തിട്ട് മടങ്ങാനായിരുന്നു അമ്മയുടെ തീരുമാനം. പത്തുവർഷങ്ങൾക്കു മുൻപാണു മകൻ ഷാജി വീട്ടിൽനിന്നും ജോലി തേടി പോയത്. അതിനുശേഷം തിരികെ വന്നിട്ടില്ല. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണു മകൻ നാടുവിട്ടതെന്നു ജാനകി പറയുന്നു. നാടു വിടുമ്പോൾ 36 വയസ്സുണ്ടായിരുന്നു.
മകൻ എവിടെയെങ്കിലും സമാധാനത്തോടെ കഴിയട്ടെയെന്നു കരുതി പൊലീസിൽ പരാതിപ്പെടാനും ഈ അമ്മ തയാറായില്ല. എന്നാൽ ഷാജി വീടുവിട്ടതിനു ശേഷമുള്ള നാളുകൾ ജാനകിയ്ക്ക് കഷ്ടകാലത്തിന്റേതായിരുന്നു.
മൂത്ത രണ്ടുമക്കളും അമ്മയെ നോക്കാതെ കയ്യൊഴിഞ്ഞു. ബന്ധുക്കളും തഴഞ്ഞു. അന്തിയുറങ്ങാൻ വീടുപോലുമില്ലാതെ ജാനകി പത്തുവർഷം കഴിഞ്ഞത് വൃദ്ധസദനങ്ങളിൽ. ജീവിക്കാനായി വീട്ടുജോലിയും ചെയ്തു.
ബേക്കറി ജോലിക്കാരനായിരുന്ന ഷാജി ഭാര്യാ ബന്ധുക്കളുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് വീട് വിട്ടതെന്നു ജാനകി പറയുന്നു. അതോടെ ഷാജിയും അമ്മയും താമസിച്ച വീടിന് താഴും വീണു. മകൻ തിരികെ എത്തുമ്പോൾ വീട് തുറക്കാമെന്ന നിലപാടിലാണു മരുമകൾ എന്നും ഇവർ പറയുന്നു. വീട്ടു ജോലിയെടുത്ത് ഉപജീവനം നടത്തുമ്പോഴാണ് മകനെ കണ്ടതായുള്ള വിവരം ജാനകിയെ തേടിയെത്തുന്നത്.
മുൻപ് മകൻ ജോലി ചെയ്ത ബേക്കറി ഉടമയാണു വിവരം ജാനകിയെ അറിയിച്ചത്. ഉടമയോടു തലസ്ഥാനത്ത് എത്തിയ ഒരു കൊയിലാണ്ടി സ്വദേശിയാണു വിവരം നൽകിയത്. ഇതു കേട്ട ഉടനെ മകനെ തേടി ഇറങ്ങാൻ ജാനകി തീരുമാനിച്ചു. എന്നാൽ കയ്യിൽ പണമില്ലായിരുന്നു. അതിനാൽ വീണ്ടും വീട്ടുജോലിക്കു പോയി.
അതിൽ നിന്നും കിട്ടിയ ചെറിയ തുകയിൽ ട്രെയിൻ കയറി തലസ്ഥാനത്തെത്തി. എന്നാൽ അമ്മയെ തേടി മകൻ എത്തിയില്ല. മകനെ കാത്ത് റെയിൽവേ സ്റ്റേഷനിൽ ഇരുന്ന അമ്മയെ റെയിൽവേ പോലീസ് അഗതിമന്ദിരത്തിലാക്കി.
ബേക്കറി ജോലിക്കാരനായ മകനെ കണ്ടെത്താൻ വഴിയൊരുക്കി കേരള ബേക്കറി അസോസിയേഷൻ പ്രതിനിധികളും രംഗത്തുവന്നിട്ടുണ്ട്. ഈ വാർത്തയെ തുടർന്നാണ് ജാനകിക്കു സഹായഹസ്തവുമായി റെയിൽവേ പൊലീസും ബേക്കറി അസോസിയേഷനും എത്തിയത്.
സാമ്പത്തിക പരാധീനത മൂലമാണു താമസിക്കാൻ സ്ഥലം തേടി പോകാതെ റെയിൽവേ സ്റ്റേഷനിൽ മകനെ കാത്തിരിക്കാൻ ജാനകി തീരുമാനിച്ചത്. എന്നാൽ, ഇവരെ റെയിൽവേ പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി.
കോടതി നിർദേശത്തെ തുടർന്നു മെഡിക്കൽ പരിശോധന കഴിഞ്ഞു സാമൂഹിക നീതി വകുപ്പിനു കീഴിലെ പൂജപ്പൂര അഗതിമന്ദിരത്തിലാക്കി.ഇന്നലെ ഉച്ചയോടെയാണു ജാനകിക്കു താമസിക്കാൻ ഇടം ഒരുങ്ങിയത്.
ബേക്കറി അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സതീഷും പ്രസിഡന്റ് സുരേഷും അഗതിമന്ദിരത്തിൽ എത്തി. മകൻ ഷാജിയുടെ ഫോട്ടോ കയ്യിൽ ഇല്ലാത്തതിനാൽ ജാനകിയുടെ മറ്റു മക്കളെ ഇവർ ഫോണിലൂടെ ബന്ധപ്പെട്ടു. ഷാജിയുടെ ഫോട്ടോ അയച്ചുതരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചാൽ ഉടൻ സംസ്ഥാനത്തെ ബേക്കറി ഉടമകളുടെയും ജീവനക്കാരുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യും.