
സ്വന്തം ലേഖകൻ
കാസര്‍കോട്: വധശിക്ഷ വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും. ഇവര്‍ അടക്കമുള്ള സംഘത്തിന് യമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
മരിച്ച തലാലിന്‍റെ കുടുംബത്തെ കണ്ട് നേരിട്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാലുപേരും അപേക്ഷ നല്‍കിയിട്ടുണ്ട്.
വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമങ്ങള്‍ എന്ന നിലയിലാണ് സംഘം യമനിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയാല്‍ ജയിലില്‍ നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്കും മകള്‍ക്കും അവസരം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്. മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ചത് പാളിച്ചയാണെന്നും മരിച്ച തലാലിന്‍റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ആഴ്ച്ച നിമിഷ അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
തുടര്‍ന്ന് ജീവിക്കാന്‍ പറ്റുമോ, ദയവുണ്ടാകുമോ എന്നുള്ള ആശങ്കകളും ആക്ഷന്‍ കൗണ്‍സിലിന് അയച്ച കത്തില്‍ നിമിഷ പങ്കുവയ്ക്കുന്നു. അമ്മയും മകളും അടക്കമുള്ള സംഘത്തെ എത്രയും വേഗം യമനിലെത്തിച്ച് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആക്ഷന്‍ കൗണ്‍സില്‍.