
തിരുവനന്തപുരം:മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കോപിച്ചതിനെ തുടര്‍ന്ന് മുടങ്ങിയ ഫ്ളാഗ് ഓഫ് ചടങ്ങ് വീണ്ടും നാളെ നടത്തും. മോട്ടര്‍ വാഹന വകുപ്പിന്റെ പുതിയ 52 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് പരിപാടി പേരൂര്‍ക്കടയിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നാളെ രാവിലെ 10ന് നടത്തുമെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചു.
914 പുതിയ ഇ-പോസ് മെഷീനുകളും എംവിഡിമാര്ക്കു കൈമാറും. വാഹനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഡ്രൈവറും മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും വിവിധ ജില്ലകളില്‍നിന്ന് വീണ്ടും വരണം.
സെപ്റ്റംബര്‍ 29ന് കനകക്കുന്ന് കൊട്ടാരപരിസരത്തു സംഘടിപ്പിച്ച ഫ്ളാഗ് ഓഫ് ചടങ്ങിനിടെ കാഴ്ചക്കാരില്ലാത്തതിന്റെ പേരില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ക്ഷുഭിതനാകുകയും പരിപാടി റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളെക്കൂട്ടുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് അസി. ട്രാന്‍സ്പോർട് കമ്മിഷണര്‍ ജോയിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ചെയ്തു. 52 വാഹനങ്ങളും നിരത്തിയിട്ട് ഫ്ളാഗ് ഓഫ് ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ കൊട്ടാരത്തിന്റെ മുന്നില്‍ വാഹനം നിരത്തിയിടാന്‍ കനകക്കുന്നിലെ സെക്യൂരിറ്റി ജീവനക്കാര്‍ അനുവദിച്ചില്ല. അവിടെയുള്ള ടൈല്‍സ് ഉടയുമെന്നതാണു കാരണം പറഞ്ഞത്. ഇതോടെ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കനകക്കുന്നില്‍ നിന്നു സൂര്യകാന്തിയിലേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിരത്തിയിട്ടു. ഇതു മന്ത്രിക്ക് ഇഷ്ടമായില്ല. വി.കെ.പ്രശാന്ത് എംഎല്‍എ പ്രസംഗിച്ചതിനു ശേഷം പരിപാടി റദ്ദാക്കിയതായി മന്ത്രി അറിയിക്കുകയായിരുന്നു. മന്ത്രിയുടെ നടപടിക്കെതിരെ വലിയ അതൃപ്തിയാണ് വകുപ്പില്‍ ഉള്ളത്.