
കണ്ണൂർ : തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ചതായി കണ്ടെത്തി. സംഭവത്തിൽ ദേവസ്വം ക്ലർക്കിനെ സസ്പെൻഡ് ചെയ്തു.ജൂലായ്-25 ന് ഭണ്ഡാരം എണ്ണുന്നതിനിടെയാണ് സംഭവം. ശ്രീകൃഷ്ണസേവാസമിതി പ്രസിഡന്റ് എ.പി. ഗംഗാധരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനായ ചെറിയൂരിലെ മുല്ലപ്പള്ളി നാരായണൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഭണ്ഡാരം എണ്ണാൻ സഹായിക്കാൻ എത്തിയ രണ്ട് ഭക്തർ നല്‍കിയ സൂചനയെ തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ദൃശ്യങ്ങളില്‍ നാരായണൻ പണം മോഷ്ടിക്കുന്നതായി വ്യക്തമായതോടെയാണ് ദേവസ്വം അധികൃതർ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ഈ വിഷയത്തില്‍ ജീവനക്കാരനെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിരവധി പരാതികള്‍ അധികൃതർക്ക് ലഭിച്ചിരുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ സംഭവത്തെ ഒതുക്കിതീർക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.
നേരത്തെ, വ്യാജ സർവീസ് ബുക്ക് ഉണ്ടാക്കിയതിന്റെ പേരില്‍ മലബാർ ദേവസ്വം കമ്മീഷണർ നാരായണനെതിരെ അച്ചടക്ക നടപടിക്ക് ഉത്തരവിട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്ന് നടപടി മരവിപ്പിക്കുകയായിരുന്നു. ഭണ്ഡാര മോഷണത്തിന്റെ പേരില്‍ ഇപ്പോള്‍ സസ്‌പെൻഷനിലായ മുല്ലപ്പള്ളി നാരായണൻ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) തളിപ്പറമ്ബ് ഏരിയ പ്രസിഡന്റാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


