
കോട്ടയം: കർക്കട മാസത്തില്‍ ഭക്ഷണ ചിട്ടകളും ആരോഗ്യ ചിട്ടകളുമെല്ലാം പ്രധാനപ്പെട്ടതാണ്.
ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന കാലം കൂടിയാണ് രാമായണമാസം.
പൊതുവേ രോഗസാധ്യത കൂടുതലുളള ഒരു മാസം കൂടിയാണിത്. കർക്കടകത്തില്‍ പ്രത്യേക ചികിത്സ നടത്തുന്നവരും പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നവരുമെല്ലാം ഉണ്ട്. പോഷകസമ്പുഷ്ടമായ കർക്കടകക്കഞ്ഞി തയാറാക്കുന്ന കാലമാണിത്.
എന്നാല്‍, ചില ഭക്ഷണങ്ങള്‍ കർക്കടകത്തില്‍ ഒഴിവാക്കണമെന്ന് പറയാറുണ്ട്. അതിലൊന്നാണ് മുരിങ്ങ. ഏറെ പോഷകസമ്പന്നമാണ് മുരിങ്ങയെങ്കിലും കർക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്നാണ് നാം പൊതുവേ കേള്‍ക്കാറ്. ഇതിൻ്റെ കാരണമായി പറയുന്നതില്‍ പലതും വെറും വിശ്വാസങ്ങള്‍ മാത്രമാണെങ്കിലും മറ്റ് ചിലതില്‍ അല്‍പം കാര്യവുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കർക്കടകത്തില്‍ മുരിങ്ങ മണ്ണില്‍ നിന്നും വിഷാംശം വലിച്ചെടുത്ത് ശുദ്ധീകരിക്കുമെന്നും ഈ വിഷം ഇലയില്‍ ശേഖരിക്കുമെന്നുമാണ് പറയപ്പെടുന്ന കാരണങ്ങളിലൊന്ന്. എന്നാല്‍, ഇത് തെറ്റായ ധാരണയാണെന്നാണ് ഡോക്ടർമാർ ഉള്‍പ്പെടെ പലരും ചൂണ്ടിക്കാട്ടുന്നത്. കർക്കടകത്തില്‍ മുരിങ്ങയില്‍ വിഷാംശമായ ‘കട്ട്’ ഉണ്ടാകുമെന്ന് പഴമക്കാർ പറയുന്നു. മണ്ണിലെ വിഷാംശം വലിച്ചെടുക്കാനും വെള്ളം ശുദ്ധീകരിക്കാനും മുരിങ്ങക്ക് കഴിവുണ്ടെന്ന വിശ്വാസത്തില്‍ ഇവ കിണറ്റിൻകരയില്‍ നടാറുണ്ടായിരുന്നു. ഇത്തരത്തില്‍ കർക്കടകത്തില്‍ മുരിങ്ങയില്‍ വിശാംഷം ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ല.
അതേസമയം, നമ്മുടെ ശരീരത്തിലും മുരിങ്ങയിലയിലും കർക്കടക മാസത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കർക്കടകം മഴക്കാലം കൂടിയാതിനാല്‍ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയകള്‍ സാവധാനമാകുന്ന കാലം കൂടിയാണ്. മുരിങ്ങയിലയിലാകട്ടെ, കൂടിയ അളവില്‍ സെല്ലുലോസ് അടങ്ങിയതിനാല്‍ ശരീരത്തിന് ദഹിപ്പിക്കാൻ ഏറെ പണിയെടുക്കേണ്ടിവരും. ദഹനപ്രശ്നങ്ങളുള്ളവർ കർക്കടകത്തില്‍ മുരിങ്ങ കഴിച്ചാല്‍ ദഹിക്കാതെ വയറുവേദന, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്.
ഇതോടൊപ്പം തന്നെ മറ്റൊന്ന് കൂടി സംഭവിക്കുന്നുണ്ട്. മഴക്കാലത്ത് എല്ലാ ചെടികളിലും ഇലകള്‍ കൂടുതലായി ഉണ്ടാകുന്ന സമയമാണല്ലോ. മുരിങ്ങയിലും കൂടുതല്‍ ഇലകളുണ്ടാകും. ഈ സമയത്ത് മുരിങ്ങമരം ഇലകളില്‍ ഐസോതയോസയനേറ്റ്സ് പോലുള്ള ചില രാസവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവ ഇലകള്‍ക്ക് സാധാരണയിലും കൂടുതല്‍ കയ്പ് നല്‍കും. ഇതോടെ മുരിങ്ങയുടെ സാധാരണയുള്ള രുചിയില്‍ മാറ്റം വരും.
ഈ രണ്ട് കാരണങ്ങളും ഒരുമിച്ചതോടെയാണ് പഴമക്കാർ കർക്കടകത്തില്‍ മുരിങ്ങയില്‍ വിഷം വരുമെന്നും കഴിക്കരുത് എന്നുമുള്ള നിഗമനത്തിലെത്തിയത്. ഇത് കൂടാതെ മറ്റ് ചില കാരണങ്ങളുമുണ്ട്. കർക്കടകത്തില്‍ അന്തരീക്ഷത്തിലെ ഈർപ്പവും കുറഞ്ഞ താപനിലയുമെല്ലാം ചേർന്ന് മുരിങ്ങയിലയില്‍ പൂപ്പലിൻ്റെയും മറ്റ് സൂക്ഷ്മജീവികളുടെയും വളർച്ചക്കുള്ള സാധ്യതയുണ്ട്. മുരിങ്ങ ഉപയോഗിക്കുന്നതിന് മുൻപ് നന്നായി വൃത്തിയാക്കി ഉണക്കിയില്ലെങ്കില്‍ പണികിട്ടും. ഇതും കർക്കടകത്തില്‍ മുരിങ്ങ കഴിക്കരുത് എന്ന് പറയുന്നതിനുള്ള കാരണമാണ്.
നല്ല ദഹനശക്തിയുള്ള വ്യക്തികള്‍ക്ക് കർക്കടകത്തിലും മുരിങ്ങ കഴിക്കുന്നതിന് യാതൊരു കുഴപ്പവുമില്ലെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. നന്നായി കഴുകി വൃത്തിയാക്കി ഉണക്കി വേണം ഉപയോഗിക്കാൻ. ഇനി അഥവാ, ദഹനശക്തി കുറഞ്ഞവരാണെങ്കിലോ, കഴിക്കുമ്പോള്‍ വയറുവേദന, വയറിളക്കം പോലെ കുഴപ്പങ്ങളുണ്ടാകുന്നവരാണെങ്കിലോ, മുരിങ്ങ ഇക്കാലയളവില്‍ ഒഴിവാക്കുകയും ചെയ്യാം. ഇതെല്ലാം ദഹനശേഷിയെ ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളാണ്.