മരാമത്ത് വകുപ്പിന്റെ പിടിവാശിക്ക് മുന്നിൽ മൂഴിയാർ പോലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനം വൈകുന്നു

Spread the love

സീതത്തോട്: അറുപത് വര്‍ഷം പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിൽ നിന്നും മൂഴിയാര്‍ പോലീസിന് മോചനമില്ല. പുതിയ കെട്ടിടത്തിലേക്ക്‌ പോലീസ് സ്റ്റേഷന്‍ മാറ്റാനായി ക്രമീകരണങ്ങളെല്ലാം പൂർത്തിയായിട്ടും മരാമത്ത് വകുപ്പ് കനിയാത്തതാണ് ഇവിടുത്തെ പോലീസുകാരുടെ ദുർവിധിക്ക് കാരണം.

പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് വാടക നിശ്ചയിച്ച്‌ നല്‍കാനായി പോലീസ് അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് 4 മാസം മുൻപ് അപേക്ഷ നല്‍കിയിരുന്നു. എന്നാൽ ഇതിന്മേൽ യാതൊരു നടപടിയുമെടുക്കാതെ ഇഴഞ്ഞുനീങ്ങുകയാണ്.

No photo description available.

ലോക്കപ്പ് ഉള്‍പ്പെടെ യാതൊരുവിധ സൗകര്യങ്ങളുമില്ലാതെയാണ് നിലവിലെ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പരാതിയുമായി എത്തുന്ന പൊതുജനങ്ങൾക്കോ സ്റ്റേഷനിലെ പോലീസുകാർക്കോ ഇരിക്കുവാൻ പോലുമുള്ള സൗകര്യം കെട്ടിടത്തിലില്ല. ഇതെല്ലാം പരിഗണിച്ചാണ് ഇവിടെനിന്ന് ആങ്ങമൂഴി കവലയിലെ പുതിയൊരു കെട്ടിടത്തിലേക്ക് സ്റ്റേഷന്‍ മാറ്റുവാൻ തീരുമാനമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ കെട്ടിടത്തിന്റെ വാടക മരാമത്ത് വകുപ്പ് നിശ്ചയിച്ച്‌ നല്‍കിയാല്‍ മാത്രമേ കെട്ടിട ഉടമയുമായി പോലീസിന് ഇത് സംബന്ധിച്ച്‌ കരാറുണ്ടാക്കാനാകൂ. എന്നാൽ ഫയലുകള്‍ തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണെന്നാണ് പൊതുമരാമത്ത് വകുപ്പ് പത്തനംതിട്ട എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പറയുന്നത്.അതേസമയം മരാമത്ത് വകുപ്പിന്റെ മെല്ലെപ്പോക്ക് തുടര്‍ന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വാടകക്കെട്ടിടവും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പോലീസ്.