play-sharp-fill
പൂക്കാലം വരവായ്; പ്രളയത്തിൽ മുങ്ങിയ മൂന്നാറിലേക്ക് സഞ്ചാരികൾ ഒഴുകുന്നു

പൂക്കാലം വരവായ്; പ്രളയത്തിൽ മുങ്ങിയ മൂന്നാറിലേക്ക് സഞ്ചാരികൾ ഒഴുകുന്നു

സ്വന്തം ലേഖകൻ

മൂന്നാർ: പ്രളയം മുറിവേൽപിച്ച തെക്കിന്റെ കശ്മീരിലേക്ക് പൂക്കാലത്തിന്റൈ പ്രതീക്ഷ നൽകി കുറിഞ്ഞിപ്പൂക്കൾ മിഴി തുറന്നതും വിനോദസഞ്ചാരികൾ വീണ്ടും മഞ്ഞുമല കയറി ഇവിടേക്ക് എത്തിത്തുടങ്ങിയതുമാണ് നിറമുള്ള പ്രതീക്ഷ. മൂന്നാറിനെ പുനർസൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചതുപോലെ ഒലിച്ചുപോയ പൂക്കാലത്തെ തിരികെ വിളിച്ച് സഞ്ചാരികളുടെ മനമിളക്കുന്ന നീലവസന്തം വിടർത്തിയിരിക്കുന്നു. പ്രളയം വിതച്ച മൂന്നാറിന്റെ നഷ്ടം, മഞ്ഞണിഞ്ഞ കുളിർകാഴ്ചകളിൽ മറന്നുപോകുകയാണ് സഞ്ചാരികൾ. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ് വ്യാപകമായി കുറിഞ്ഞി പൂവിട്ട് തുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ കനിഞ്ഞാൽ ആഴ്ചകൾക്കുള്ളിൽ രാജമലയാകെ നീലവസന്തം തെളിയും. സഞ്ചാരികൾ സ്വപ്നത്തിലൊളിപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിലെ ‘തെക്കിന്റെ കശ്മീരാ’ണ് മൂന്നാറിന്റെ പരിക്കിനപ്പുറം അവരുടെ മനസ്സിൽ ഇപ്പോഴുമെന്ന് തെളിയിക്കുന്നതാണ് മാനം തെളിഞ്ഞതോടെ ഇവിടം തേടിയെത്തുന്നവരുടെ ആത്മഗതം. പ്രളയാനന്തരം മൂന്നാറിലെത്തിയ വിദേശസഞ്ചാരികളുടെ ആദ്യകൂട്ടം വ്യാഴാഴ്ചയാണ് മടങ്ങിയത്.

നവംബർ ആദ്യം വരെ നീലക്കുറിഞ്ഞി പൂവിടുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. സംസ്ഥാന സർക്കാർ ഏറെ പ്രതീക്ഷവെച്ച നീലവസന്തം പൂവിട്ടതോടെ തകർന്നുപോയ ഇടുക്കിയിലെ ടൂറിസം മേഖലക്കും ചിറകുമുളക്കുകയാണ്. പ്രധാന റോഡുകൾ കഷ്ടിച്ച് ഗതാഗതയോഗ്യമായതും വിലക്ക് ഒഴിവാക്കിയതോടെയുമാണ് സന്ദർശകർ എത്തിത്തുടങ്ങിയത്. പ്രളയകാലത്ത് ടൂർ പാക്കേജുകൾ റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ പുതിയ അന്വേഷണങ്ങളും ബുക്കിങ്ങും വരുകയാണെഴന്ന് ടൂർ ഓപറേറ്റർമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group