
മോൻസണെ കുടുക്കിയത് മനോജ് എബ്രാഹാം എന്ന് സൂചന; മലപ്പുറം മുൻ എസ് പിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എറണാകുളത്തെത്തിയപ്പോൾ മോൻസൻ്റെ വീട് സന്ദർശിച്ചതോടെ തുടങ്ങിയ സംശയം; പൊലീസ് ആസ്ഥാനത്തിരുന്ന് കൃത്യമായി കരുക്കൾ നീക്കി മനോജ് എബ്രാഹാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോൻസണെ കുടുക്കിയത് അഡീഷണൽ ഡിജിപി മനോജ് എബ്രാഹാം. മലപ്പുറം മുൻ എസ് പിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എറണാകുളത്തെത്തിയപ്പോൾ ലോക്നാഥ് ബഹ്റയും മനോജ് എബ്രാഹാമും മോൻസൻ്റെ വീട് സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കറങ്ങുന്നത്.
മോൻസൻ്റെ വീട് സന്ദർശിച്ചതോടെ തുടങ്ങിയ സംശയത്തിന് പൊലീസ് ആസ്ഥാനത്തിരുന്ന് കൃത്യമായി കരുക്കൾ നീക്കി മോൻസണെ കുടുക്കുകയായിരുന്നു മനോജ് എബ്രാഹാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൻമേൽ അതീവ രഹസ്യമായി അതിവേഗ ഇടപെടൽ നടത്തുകയായിരുന്നു.
ഇപ്പോള്‍ പുറത്തുവന്നത് 20 കോടിയോളം രൂപയുടെ തട്ടിപ്പുകളാണെങ്കിലും അതിലും കൂടുതല്‍ തുക പോയവർ ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദമാണ് മോൻസൺ തന്റെ തട്ടിപ്പിന് മറയാക്കിയത്.
സംസ്ഥാനത്തെ മുന്‍ പൊലീസ് മേധാവി ആയിരുന്ന ലോകനാഥ് ബെഹ്‌റയുമായി വളരെ അടുത്ത ബന്ധമായിരുന്നു മോന്‍സണ് ഉണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥനുമായുള്ള അടുപ്പം കീഴ് ഉദ്യോഗസ്ഥരെയും അദ്ദേഹത്തിലേക്ക് അടുപ്പിക്കാന്‍ സാധിച്ചു. അതേസമയം സംസ്ഥാന പൊലീസിലെ ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥനായ മനോജ് എബ്രഹാമിന്റെ കൈയില്‍ വാളു പിടിപ്പിച്ചതോടെയാണ് കാര്യങ്ങള്‍ തകിടം മറിയുന്നതും തട്ടിപ്പുകാരനെ പുറംലോകം അറിയുന്നതും.
മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസിൻ്റെ വിവാഹത്തിൽ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മനോജ് എബ്രഹാം അന്നത്തെ ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്ക് ഒപ്പം മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ മ്യൂസിയം സന്ദര്‍ശിക്കുന്നത്. കല്യാണത്തില്‍ പങ്കെടുത്ത ശേഷം ഡിജിപി ബെഹ്‌റ മ്യൂസിയം കാണാന്‍ പോയി. മനോജ് എബ്രാഹാമിനേയും കൂടെ കൂട്ടി. അന്ന് മനോജ് എബ്രഹാം മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംശയം ഉന്നയിച്ചിരുന്നതായാണ് സൂചന.
എന്നാല്‍, ഈ സംഭവത്തില്‍ തുടര്‍ അന്വേഷണത്തിന് മുതിര്‍ന്നപ്പോള്‍ ബെഹ്‌റ അടക്കമുള്ളവര്‍ കാര്യമായ താല്‍പ്പര്യം കാണിച്ചില്ല. തിരുവനന്തപുരത്ത് എത്തിയ ശേഷം മനോജ് എബ്രഹാം തന്റെ പൊലീസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് മോന്‍സണെ കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തി. പരാതി ഇല്ലാത്തതു കൊണ്ടാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ വന്നത്. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് കൃത്യമായ മുന്നറിയിപ്പും മനോജ് എബ്രഹാം നല്‍കുകയുണ്ടായി.
ഇതിനിടെ മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കൊണ്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റര്‍ക്ക് കത്തയപ്പിച്ചതും മനോജായിരുന്നു. അനധികൃതമായ സാമ്പത്തിക ഇടപാടാണ് നടക്കുന്നതെന്ന ബോധ്യത്തിലാണ് ഇതേക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റിന് കത്തയപ്പിച്ചതും. 2020 ഫെബ്രുവരിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്ക് ലോക്‌നാഥ് ബെഹ്‌റ കത്തയച്ചത്.
പ്രത്യേകിച്ചൊരു വരുമാന സ്രോതസും ഇല്ലാതെയാണ് മോന്‍സണ്‍ കോടികളുടെ ആസ്തി സമ്പാദിച്ചത്.
ആഡംബര കാറുകളും ഭൂസ്വത്തുക്കളും പുരാവസ്തുശേഖരവും ഇയാളുടെ കൈവശമുണ്ട്.
വീടുകളും സ്വത്തുക്കളുമെല്ലാം സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ മുഴുവന്‍ സമയ കാവലിലാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് അപ്പോഴും കേസെടുത്തില്ല. ഈ സമയത്ത് മോന്‍സനെതിരെ ആരുടെയും പരാതി ഉണ്ടായിരുന്നില്ലെന്നും ഇന്റലിജന്‍സ് അന്വേഷത്തില്‍ അനധികൃത സ്വത്ത് സമ്പാദനം വ്യക്തമായതു കൊണ്ടാണ് എന്‍ഫോഴ്‌സ്‌മെന്റിന് കത്ത് നല്‍കിയതെന്നുമാണ് പൊലീസിന്റെ ന്യായീകരണം. ഇതിനും ഒന്നരവര്‍ഷത്തിന് ശേഷം ഈ മാസമെടുത്ത കേസിലാണ് മോന്‍സന്റെ അറസ്റ്റ്.
അതേസമയം, ഈ സംഭവത്തിന് മുൻപ് മോണ്‍സണ്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത് മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരിട്ടായിരുന്നു. ആലപ്പുഴ എസ്‌പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. 2019 ജൂണ്‍ 13ന് ഡി.ജി.പി അയച്ച കത്തുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്കുമാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. ‘മോശയുടെ വടി, മൈസൂരു കൊട്ടാരത്തിലെ പഞ്ചലോഹ വിഗ്രഹം, ശ്രീനാരായണഗുരുവിന്റെ വടി, മൈസൂരു കൊട്ടാരത്തിലെ പഞ്ചലോഹ ശില്‍പം, മൈസൂരു കൊട്ടാരത്തിന്റെ ഒറിജിനല്‍ ആധാരം, വജ്രക്കല്ലുകള്‍ പൊതിഞ്ഞ കോടികള്‍” തുടങ്ങിയ അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോന്‍സണ്‍ എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ലോക്‌നാഥ് ബെഹ്‌റ കത്തില്‍ ആവശ്യപ്പെട്ടത്.
നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊച്ചിയിലെ വീട്. ചേര്‍ത്തലയിലേക്കും ബഹ്‌റ ഇതെ ആവശ്യം ഉന്നയിച്ച് കത്ത് അയച്ചിട്ടുണ്ട്. ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം സുരക്ഷയൊരുക്കി ‘യിട്ടുണ്ടെന്ന മറുപടി ജില്ലകളില്‍ നിന്ന് ഡി.ജി.പി കത്ത് മുഖേന നല്‍കിയിട്ടുമുണ്ട്.
മോന്‍സണെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ കേസ് അട്ടിമറിക്കാനും ശ്രമവുമുണ്ടായി.
കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഐജിക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിരുന്നു. ഐജി ലക്ഷ്മണയ്ക്കാണ് എഡിജിപി മനോജ് എബ്രഹാം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. കേസിലെ ഐജിയുടെ ഇടപെടല്‍ മനസിലാക്കിയ ഉടന്‍ തന്നെ നോട്ടിസ് നല്‍കിയിരുന്നെന്നും പൊലീസ് വിശദീകരിച്ചു. 2010 ലാണ് ആലപ്പുഴ എസ്‌പിയില്‍ നിന്ന് ചേര്‍ത്തല സിഐയിലേക്ക് മോന്‍സണിനെതിരായ കേസിന്റെ അന്വേഷണ ചുമതല മാറ്റിയത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് നല്‍കിയത് സോഷ്യല്‍ പൊലീസിന്റെ ചുമതലയുള്ള ഐജി ലക്ഷ്മണയാണ്. തുടര്‍ന്ന് ഒക്ടോബര്‍ 16 നാണ് എഡിജിപി നോട്ടീസ് നല്‍കിയതും അന്വേഷണം മാറ്റി നല്‍കിയ നടപടി തിരുത്തിയതും.
മോന്‍സന്റെ അറസ്റ്റിലേക്ക് നയിച്ച ഇടപെടല്‍ നടത്തിയതും മനോജ് എബ്രഹാമായിരുന്നു. ശനിയാഴ്ച ചേര്‍ത്തലയിലെ വീട്ടില്‍ മോന്‍സനെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് എത്തിയതു രഹസ്യമായിട്ടായിരുന്നു. ചേര്‍ത്തല പൊലീസുമായി മോന്‍സണ് അടുത്ത ബന്ധമാണ് ഉള്ളതെന്ന തിരിച്ചറിവിലാണ് ഈ നടപടി. ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ അടുത്തായിട്ടും അറിയിച്ചില്ല.
ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ അതിഥികള്‍ ആയിരിക്കുമെന്നാണു വീട്ടുകാര്‍ കരുതിയത്. അറസ്റ്റ് ചെയ്യാന്‍ പോവുകയാണെന്നു പറഞ്ഞതോടെ മോന്‍സന്‍ ബഹളമുണ്ടാക്കി. ഇതോടെ അംഗരക്ഷകര്‍ ആക്രോശിച്ചു രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് ആണെന്ന് അറിഞ്ഞതോടെ കടന്നുകളഞ്ഞു. മോന്‍സനുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുട പ്രവര്‍ത്തനങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. തുടർന്നായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുന്നത്.