
മുംബൈ : വഡാലയില്‍ പരീക്ഷണയോട്ടത്തിനിടെ മോണോ റെയില്‍ ട്രാക്കില്‍ അപകടം. മോണോ റെയില്‍ ട്രാക്കില്‍ നിന്ന് കംപാർട്ട്മെന്റ് തെന്നി മാറിയാണ് അപകടം ഉണ്ടായത്.അപകടത്തില്‍ കോച്ചിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല.
പരീക്ഷണയോട്ടം ആയതിനാല്‍ ട്രെയിനില്‍ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ലോക്കോ പൈലറ്റിനൊപ്പം സിഗ്നലിംഗ് ട്രയലില്‍ പങ്കെടുത്ത എഞ്ചിനീയറും ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്ന ചില ജീവനക്കാരും അപകട സമയത്ത് ട്രെയിനിലുണ്ടായിരുന്നു. മുംബൈ മെട്രോ പൊളിറ്റൻ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉപ വിഭാഗമായ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് മോണോ റെയില്‍ പ്രവർത്തനവും അറ്റകുറ്റ പണികളും ഏകോപിപ്പിക്കുന്നത്.
നഗരത്തിലെ ഏക മോണോറെയില്‍ സിസ്റ്റം സെപ്തംബർ 20 മുതല്‍ പ്രവർത്തന രഹിതമാണ്. മണ്‍സൂണ്‍ സമയത്തുണ്ടായ സാങ്കേതിക തകരാറുകള്‍ പതിവായതിന് പിന്നാലെയായിരുന്നു ഇത്. ഇന്നലെ രാവിലെ 9.30ഓടെയാണ് പുതിയതായി നിർമിച്ച ബീമിലൂടെയായിരുന്നു അപകട സമയത്ത് മോണോ റെയില്‍ കടന്ന് പോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് സർവീസ് സജീവമാക്കുന്നതിനായി 4 കോച്ചുകളുള്ള 10 പുതിയ ട്രെയിനുകള്‍ വാങ്ങിയതായി അധികൃതർ വിശദമാക്കിയിട്ടുണ്ട്. 55 കോടി രൂപയാണ് ഒരു ട്രെയിനിന്റെ വില. അവയില്‍ ഒന്നിന്റെ പരീക്ഷണയോട്ടമാണ് ഇന്നലെ നടത്തിയത്. രാജ്യത്തെ ആദ്യത്തെ മോണോറെയില്‍ സർവീസാണ് മുംബൈയിലേത്.



