
ചെങ്ങന്നൂര്‍: ചോരവാര്‍ന്ന് റോഡില്‍ കിടന്ന ഒരാളെ ആശുപത്രിയിലെത്തിക്കാന്‍ കാണിച്ച ആര്‍ദ്രതയ്ക്ക് പ്രതിഫലമായി മോനി വര്‍ഗീസിന് (57) ലഭിച്ചത് എട്ടു വര്‍ഷം നീണ്ട കള്ളക്കേസും കോടതി വരാന്തകളിലെ അലച്ചിലും.
ഒടുവില്‍ ചെങ്ങന്നൂര്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ ഒരു നീണ്ട ദുരിതപര്വ്വത്തിന് അന്ത്യമായിരിക്കുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ ചെങ്ങന്നൂര്‍ സ്വദേശി.
2013 ജനുവരി 31-നായിരുന്നു മോനി വര്‍ഗീസിന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം. കോട്ടയത്തുനിന്നും ഭാര്യപിതാവിന്റെ സഹോദരിക്കൊപ്പം കാറില്‍ മടങ്ങുകയായിരുന്നു അദ്ദേഹം. മുളക്കുഴ ഷാപ്പുപടിക്ക് സമീപം റോഡില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഒരാളെ കണ്ട് മോനി കാര്‍ നിര്‍ത്തി. ചോരവാര്‍ന്ന് മരിച്ച സ്വന്തം സഹോദരന്റെ മുഖം ഓര്‍മ്മ വന്ന മോനി, ഉടന്‍തന്നെ പോലീസിനെ വിവരമറിയിക്കുകയും പരിക്കേറ്റയാളെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ആ വ്യക്തി മരിച്ചു. അതോടെ മോനിയുടെ കഷ്ടകാലവും തുടങ്ങി.
സംഭവസ്ഥലത്തെത്തിയ പോലീസ് പരുഷമായാണ് സംസാരിച്ചതെന്ന് മോനി ഓര്‍ക്കുന്നു. സ്റ്റേഷനിലെത്തിച്ച ഇദ്ദേഹത്തിന്റെ ഫോണും വാച്ചും സ്വര്‍ണ്ണമോതിരവും ഊരിവാങ്ങി. ‘വലിയ കേസിലാണ് അകപ്പെട്ടിരിക്കുന്നത്, അയ്യായിരം രൂപ തന്നാല്‍ വിടാം’ എന്ന് പോലീസ് വാഗ്ദാനം ചെയ്തു. എന്നാല്‍ ജീവന് രക്ഷിക്കാന്‍ ശ്രമിച്ച താന്‍ എന്തിന് പണം നല്‍കണമെന്ന് മോനി തിരിച്ചുചോദിച്ചതോടെ പോലീസുകാര്‍ പ്രകോപിതരാവുകയും മര്‍ദിക്കാന്‍ മുതിരുകയും ചെയ്തു. തുടര്‍ന്ന് മോനിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ കേസ് ചുമത്തി. കാല്‍നടയാത്രക്കാരനെ അലക്ഷ്യമായി കാറിടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി കൃത്രിമ തെളിവുകള്‍ ചമയ്ക്കുകയും മരിച്ചയാളുടെ സഹോദരനെപ്പോലും പോലീസ് കള്ളസാക്ഷിയായി അവതരിപ്പിക്കുകയും ചെയ്തു. എട്ടു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മോനി വര്‍ഗീസ് നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. നീതി വൈകിയെങ്കിലും സത്യം ജയിച്ചതിന്റെ ആശ്വാസത്തിലാണ് അദ്ദേഹമിപ്പോള്‍. എങ്കിലും തന്നെയും കുടുംബത്തെയും ഇത്രയും കാലം വേട്ടയാടിയ പോലീസുകാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.
ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ നിലവിലുള്ളപ്പോഴാണ് പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു വീഴ്ചയുണ്ടായത്. ഒരു നിഷ്കളങ്കനായ മനുഷ്യനെ കള്ളക്കേസില്‍ കുടുക്കി മാനസികമായും സാമ്പത്തികമായും തകര്‍ത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം പൊതു സമൂഹത്തിലും സജീവമാണ്.



