
ലക്നൗ: മോമോസ് കഴിക്കാനുള്ള ഏഴാം ക്ലാസ്സുകാരന്‍റെ കൊതിയിൽ കുടുംബത്തിന് നഷ്ടമായത് 85 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങള്‍. ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം നടന്നത്.
മോമോസ് വാങ്ങാൻ കയ്യില്‍ കാശില്ലാതിരുന്നതിനാല്‍ കുട്ടി വീട്ടിലെ സ്വർണാഭരണങ്ങള്‍ ആരുമറിയാതെ എടുത്ത് കച്ചവടക്കാർക്ക് നല്‍കുകയായിരുന്നു. വാരണാസിയിലെ ക്ഷേത്രത്തിലെ പൂജാരിയായ വിമലേഷ് മിശ്രയുടെ മകനാണ് തട്ടിപ്പിനിരയായത്.
മോമോസിനോടുള്ള കുട്ടിയുടെ ഇഷ്ടം കച്ചവടക്കാരായ മൂന്ന് യുവാക്കള്‍ തന്ത്രപൂർവ്വം മുതലെടുക്കുകയായിരുന്നു. വീട്ടിലെ സ്വർണം കൊണ്ടുവന്നാല്‍ പകരം സൗജന്യമായി എത്ര വേണമെങ്കിലും മോമോസ് നല്‍കാമെന്ന് ഇവർ കുട്ടിയെ വിശ്വസിപ്പിച്ചു. ഇതേത്തുടർന്ന് കുട്ടി ആരുമറിയാതെ വീട്ടിലെ അലമാരയില്‍ നിന്ന് സ്വർണാഭരണങ്ങള്‍ ഓരോന്നായി എടുത്ത് യുവാക്കള്‍ക്ക് നല്‍കാൻ തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമലേഷിന്‍റെ സഹോദരി വീട്ടിലെത്തി തന്‍റെ ആഭരണങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അലമാര തുറന്ന കുടുംബം ഞെട്ടിപ്പോയി. ആഭരണങ്ങള്‍ ഒന്നും കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ കുട്ടിയെയും ചോദ്യം ചെയ്തു. അപ്പോഴാണ് മോമോസ് കഴിക്കാനായി താൻ സ്വർണം കടക്കാർക്ക് നല്‍കിയ വിവരം കുട്ടി വെളിപ്പെടുത്തിയത്.
കുട്ടിയുടെ അച്ഛൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റാംപുർ കാർഖാന പൊലീസ് സ്റ്റേഷനില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.



