play-sharp-fill
ഫേസ്ബുക്കിലൂടെ പരിചയം, ആത്മീയ സൗഖ്യം തേടിയെത്തിയ യുവതി പറ്റിച്ചത് 47 ലക്ഷം..!  വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി; യുവതിക്കെതിരെ പരാതിയുമായി മഠാധിപതി

ഫേസ്ബുക്കിലൂടെ പരിചയം, ആത്മീയ സൗഖ്യം തേടിയെത്തിയ യുവതി പറ്റിച്ചത് 47 ലക്ഷം..! വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി; യുവതിക്കെതിരെ പരാതിയുമായി മഠാധിപതി

സ്വന്തം ലേഖകൻ

ബെംഗളൂരു: ആത്മീയ സൗഖ്യം തേടിയെത്തിയ യുവതി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയുമായി മഠാധിപതി രംഗത്ത്. വിവിധ ആവശ്യങ്ങൾ പറഞ്ഞ് 47 ലക്ഷം രൂപ തട്ടിയെടുത്തതാണ് പരാതി.

കർണാടകയിലെ ബെംഗളൂരു റൂറൽ ജില്ലയിൽ നെലമംഗല താലൂക്കിലെ മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമി ആണ് പരാതിയുമായി എത്തിയിരിക്കുന്നത്. ദാബാസ്പേട്ട് പൊലീസിൽ ആണ് പരാതി നൽകിയിരിക്കുന്നത്. ഇദ്ദേഹം നൽകിയ പരാതിയിലെ എഫ്ഐആർ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്കിൽ വർഷ എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ മഞ്ജുള എന്ന യുവതി തന്നെ വഞ്ചിച്ചതായിട്ടാണ് ചെന്നവീര ശിവാചാര്യ സ്വാമി പരാതി നൽകിയിരിക്കുന്നത്. 2020ലാണ് ഇരുവരും സമൂഹമാധ്യമം വഴി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും മൊബൈൽ നമ്ബറുകൾ പരസ്പരം കൈമാറി.

ആത്മീയ സൗഖ്യം തേടിയാണ് യുവതി പരിചയപ്പെട്ടതെന്നാണ് മഠാധിപതി പറയുന്നത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിനിയാണെന്നും മാതാപിതാക്കൾ മരണപ്പെട്ടതാണെന്നും യുവതി മഠാധിപതിയെ ധരിപ്പിച്ചു. ഇരുവരും നിരവധി തവണ വിഡിയോ കോളുകൾ ചെയ്തിരുന്നുവെങ്കിലും യുവതി തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയോ മുഖം കാണിക്കുകയോ ചെയ്തിരുന്നില്ല.

വിദ്യാഭ്യാസത്തിന് പണമാവശ്യപ്പെട്ട് യുവതി പലതവണ വിളിച്ചതായി സ്വാമി പരാതിയില്‍ പറഞ്ഞു. ഇതുപ്രകാരം 10 ലക്ഷം രൂപ വര്‍ഷയുടെ സുഹൃത്തായ മഞ്ജുളയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇതിന് ശേഷം ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് 37 ലക്ഷം രൂപയും യുവതി ആവശ്യപ്പെട്ടു. ഈ തുകയും ചെന്നവീര ശിവാചാര്യ സ്വാമി മഞ്ജുളയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു.

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചെന്നവീര ശിവാചാര്യ സ്വാമി തന്റെ സുഹൃത്തുക്കളെ മത്തികെരെ ആശുപത്രിയില്‍ അയച്ചപ്പോള്‍ വര്‍ഷ എന്ന പേരില്‍ ഒരു രോഗി അവിടെ ഇല്ലെന്നറിഞ്ഞു. തട്ടിപ്പ് മനസിലാക്കിയ ഇദ്ദേഹം മഞ്ജുളയെ വിളിച്ച് പണം തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, വര്‍ഷ ഡിസ്ചാര്‍ജ് ആയതാണെന്നും ആശുപത്രി ബില്ലടക്കാന്‍ താന്‍ 55 ലക്ഷം രൂപ പലരില്‍ നിന്നായി വായ്പ വാങ്ങിയിട്ടുണ്ടെന്നുമായിരുന്നു മഞ്ജുളയുടെ മറുപടി. ഉടന്‍ തന്നെ തന്റെ ബാങ്ക് അക്കൗണ്ടില്‍ 55 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ആത്മഹത്യാ കുറിപ്പില്‍ സ്വാമിയുടെ പേര് എഴുതിവെക്കുമെന്നും മഞ്ജുള ഭീഷണിപ്പെടുത്തി.

ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ഏപ്രിലില്‍ മഞ്ജുള ഉള്‍പ്പെടെ ഏഴ് പേര്‍ മഠത്തിലെത്തി ചെന്നവീര ശിവാചാര്യ സ്വാമിയെ ഭീഷണിപ്പെടുത്തി. വര്‍ഷയുടെ ചികിത്സയ്ക്കായി പലരില്‍ നിന്നായി 55 ലക്ഷം രൂപ കടംവാങ്ങിയെന്നും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണി ഉയര്‍ത്തി.
തുടര്‍ന്ന്, സ്വാമിയെ ഭീഷണിപ്പെടുത്തി മാപ്പുപറയിക്കുകയും ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്.