ഹര്‍ത്താലിന്‌ എല്ലാവരുടെയും പൂര്‍ണ്ണസഹകരണം അഭ്യര്‍ത്ഥിക്കുന്നതായി യു.ഡി.എഫ്‌ ജില്ലാ നേതൃത്വം

ഹര്‍ത്താലിന്‌ എല്ലാവരുടെയും പൂര്‍ണ്ണസഹകരണം അഭ്യര്‍ത്ഥിക്കുന്നതായി യു.ഡി.എഫ്‌ ജില്ലാ നേതൃത്വം

 

സ്വന്തം ലേഖകൻ

കോട്ടയം : ഇന്ധനവില വര്‍ദ്ധനവിനെതിരെയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്‌.ടി പരിധിയില്‍ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടും യു.ഡി.എഫ്‌ തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 10) സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന്‌ എല്ലാവിഭാഗം ജനങ്ങളുടെയും പൂര്‍ണ്ണമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടവും കണ്‍വീനര്‍ ജോസി സെബാസ്റ്റ്യനും സംയുക്ത പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. പെട്രോളും ഡീസലും ജി. എസ്‌.ടി പരിധിയില്‍ വന്നാല്‍ വില ഗണ്യമായി കുറയും. പക്ഷേ, അക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചിരിക്കുകയാണ്‌. ഇന്ധനവില വര്‍ധനവ്‌ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിനു കാരണമാകുന്നതുകൊണ്ട്‌ സാധാരണജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്‌. പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്ന കേരളീയരെ കൂടുതല്‍ ദുരിതത്തിലേക്ക്‌ തള്ളിവിടുകയാണ്‌ പെട്രോളിന്റെയും ഡീസലിന്റെയും ദിനംപ്രതിയുള്ള വിലവര്‍ദ്ധനവ്‌.

രാവിലെ 6 മുതല്‍ വൈകുന്നരം 6 വരെയാണ്‌ ഹര്‍ത്താല്‍. വിവാഹം, ആശുപത്രി, പാല്‍, പത്രം, എയര്‍പോര്‍ട്ട്‌, ടൂറിസ്റ്റുകള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ ജില്ലാതലത്തിലും നിയോജകമണ്‌ഡലം കേന്ദ്രങ്ങളിലും പ്രകടനം നടത്തും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക്‌ യാതൊരു തടസ്സവും ഉണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group