ഓൺലൈനിൽ ഓർഡർ ചെയ്ത മോമോസ് ഉപഭോക്താവിന് എത്തിക്കുന്നതിൽ പിഴവ് ; സൊമാറ്റോ നഷ്ടപരിഹാരമായി 60,000 രൂപ നൽകണമെന്ന് കോടതി ഉത്തരവ്
സ്വന്തം ലേഖകൻ
ബംഗളൂരു: ഓൺലൈനിൽ ഓർഡർ ചെയ്ത മോമോസ് ഉപഭോക്താവിന് എത്തിക്കുന്നതിൽ പിഴവ് വരുത്തിയ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ നഷ്ടപരിഹാരമായി 60,000 രൂപ നൽകണമെന്ന് കോടതി ഉത്തരവ്. കർണാടക ധാർവാഡിലെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷഷനാണ് ഉത്തരവിട്ടത് .
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സംഭവം. ശീതൾ എന്ന യുവതിയാണ് ഓൺലൈനിൽ മോമോസ് ഓർഡർ ചെയ്തത്. ഇതിനായി 133.25 രൂപ സൊമോറ്റോയിലൂടെ അടയ്‌ക്കുകയും ചെയ്തു. ഓർഡർ ചെയ്ത് പതിനഞ്ചു മിനിറ്റിനു ശേഷം ഫോണിൽ ഓഡർ ഡെലിവറി ചെയ്തു എന്ന സന്ദേശം കിട്ടുകയായിരുന്നു. എന്നാൽ, തനിക്ക് ഓർഡർ ചെയ്ത മോമോസ് കിട്ടിയില്ലെന്നും ഡെലിവറി ഏജന്റ് വീട്ടിൽ വന്നിട്ടില്ലെന്നും ശീതൾ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെസ്റ്ററന്‍റിൽ തിരക്കിയപ്പോൾ ഡെലിവറി ഏജന്‍റ് ഓർഡർ എടുത്തതായി അറിഞ്ഞു. വെബ്‌സൈറ്റ് വഴി ഡെലിവറി ഏജന്‍റിനെ ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും ഏജന്‍റ് പ്രതികരിച്ചില്ല. തുടർന്ന് ശീതൾ ഇ-മെയിൽ വഴി സൊമാറ്റോയോട് പരാതിപ്പെട്ടു. 72 മണിക്കൂർ കാത്തിരുന്നിട്ടും പ്രതികരണമൊന്നും കിട്ടിയില്ല. തുടർന്ന്, 2023 സെപ്റ്റംബർ 13ന് ശീതൾ സൊമാറ്റോക്ക് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു.
മേയ് രണ്ടിന് സോമാറ്റോയിൽ നിന്ന് 133.25 രൂപ തിരികെ ലഭിച്ചതായി ശീതൾ പറഞ്ഞു. പരാതിക്കാരന് വളരെയധികം അസൗകര്യവും മാനസിക സംഘർഷവും ഉണ്ടാക്കിയത് സൊമാറ്റോയുടെ സേവനത്തിന്‍റെ പോരായ്മയാണെന്ന് ഉപഭോക്തൃ കമീഷൻ എടുത്തുപറഞ്ഞു.